Ticker

6/recent/ticker-posts

മഞ്ചേശ്വരം കൊലപാതകം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു; മരണം രണ്ടായി


കാസർഗോഡ്: മഞ്ചേശ്വരത്ത് ലഹരിക്കടിമയായ പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ബന്ധുവും മരണത്തിന് കീഴടങ്ങി. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടത് ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതി ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18) ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ:
കുടുംബ തർക്കം: ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെത്തുടർന്ന് ജുമൈലയും മാതാവും ബന്ധുവീട്ടിലായിരുന്നു താമസം. വിവാഹമോചന നടപടികൾക്കിടെ സ്വർണാഭരണങ്ങൾ തിരികെ ചോദിച്ചതും സ്വത്ത് സംബന്ധിച്ച തർക്കവുമാണ് അക്രമത്തിൽ കലാശിച്ചത്.
സ്വത്ത് തർക്കം: ഭാര്യയുടെ പേരിലുള്ള സ്ഥലം തന്റെ പേരിലേക്ക് മാറ്റണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥലം മകൾ ജുമൈലയുടെ പേരിലേക്ക് മാറ്റുമെന്ന് ഭാര്യ നിലപാടെടുത്തതോടെ ഉമ്മർ പ്രകോപിതനായി അക്രമം അഴിച്ചുവിടുകയായിരുന്നു.
അക്രമം: തർക്കത്തിനിടെ കൈയ്യിൽ കരുതിയിരുന്ന കത്തിയുമായി ഉമ്മർ ഷേഖ് അബ്ബയെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജുമൈലയ്ക്ക് മാരകമായി കുത്തേറ്റത്.
പൊലീസ് നടപടികൾ:
പ്രതി ഉമ്മർ ഫാറൂഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ കർണാടകയിൽ നിരവധി ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. വിദേശത്തായിരുന്ന ഇയാൾക്ക് ലഹരി ഉപയോഗം മൂലമാണ് ജോലി നഷ്ടപ്പെട്ടത്.
സംഭവ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പ്രതിയെ തൂമിനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് മഞ്ചേശ്വരം പൊലീസ്. കൊല്ലപ്പെട്ട ജുമൈലയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

Post a Comment

0 Comments