Ticker

6/recent/ticker-posts

മിനിലോറി അപകടം: മണിക്കൂറുകൾ നീണ്ട തിരച്ചിൽ വിഫലം, ക്ലീനർ മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു


മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലിൽ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ക്ലീനർ മരിച്ചു. മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45) ആണ് മരിച്ചത്. ഏഴ് മണിക്കൂർ നീണ്ട അതിശക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്താനായത്.
ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
ഇന്ന് ഉച്ചയോടെയാണ് നിത്യോപയോഗ സാധനങ്ങളുമായി പോയ മിനിലോറി 30 അടി താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ വാഹനത്തിനുള്ളിൽ മുസ്തഫ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്‌ക്കെത്തിച്ചു. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
അപകടം നടന്ന ഉടനെ തന്നെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാൾ നിസാര പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

0 Comments