Ticker

6/recent/ticker-posts

കോട്ടാങ്ങൽ നഴ്സ് വധക്കേസ്: പ്രതി നസീറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

 


പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മരണം വരെ തടവ്. പ്രതിയായ നസീറിനെയാണ് പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ, ബലാത്സംഗത്തിന് പത്ത് വർഷവും അതിക്രമിച്ചു കടന്നതിന് ഏഴ് വർഷവും അധിക ശിക്ഷയും കോടതി വിധിച്ചു.


അന്വേഷണത്തിൽ നിർണ്ണായകമായത് 'തടിക്കെട്ട്'

2019 ഡിസംബർ 15-നാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. തടിക്കച്ചവടക്കാരനായ നസീർ, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി നഴ്സിനെ പീഡിപ്പിക്കുകയും തുടർന്ന് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ 20 മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ പിടികൂടുന്നത്.


കൊലപാതകത്തിന് ഉപയോഗിച്ച കയറിലെ കെട്ടാണ് കേസിൽ വഴിത്തിരിവായത്. സാധാരണക്കാർ ഉപയോഗിക്കുന്ന രീതിയിലുള്ള കെട്ടല്ല ഇതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം, തടിക്കച്ചവടക്കാർ ഉപയോഗിക്കുന്ന പ്രത്യേക തരം കെട്ടാണെന്ന് തിരിച്ചറിഞ്ഞു. ഇതാണ് അന്വേഷണം നസീറിലേക്ക് എത്തിക്കാൻ സഹായിച്ചത്.


വിവാദമായ പോലീസ് നടപടി

കേസിന്റെ പ്രാരംഭ ഘട്ടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ പങ്കാളിയായിരുന്ന ടിജിനെതിരെയായിരുന്നു പോലീസ് സംശയം പ്രകടിപ്പിച്ചത്. ടിജിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ടിജിൻ നിരപരാധിയാണെന്ന് തെളിഞ്ഞു. പിഴത്തുകയായി കോടതി വിധിച്ച മൂന്നര ലക്ഷം രൂപ ടിജിന് നൽകാനും കോടതി ഉത്തരവിട്ടു.

Post a Comment

0 Comments