മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ എന്നിവർ ചേർന്ന് രണ്ടര ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്ത രക്തശാലി നെല്ല് വിളവെടുത്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു.
ക്യാൻസറിനെ പ്രധിരോധിക്കുന്നതും പ്രമേഹത്തിനും കൊളസ്ട്രോളിനും മുട്ട് വേദനയ്ക്കും ഉത്തമമായ രക്തശാലി അന്യം നിന്ന് പോകുന്നത് തടയാനും കൂടുതൽ കർഷകരിലേക്ക് എത്തിക്കാനും വേണ്ടിയാണ് ഉദ്യോഗസ്ഥർ കൃഷി ചെയ്തത്. കൂടാതെ വിളവ് വർദ്ധിപ്പിച്ച് ശാസ്ത്രീയ നെൽകൃഷി വിജയിപ്പിക്കുക എന്നതും ലക്ഷ്യമിട്ടു.
മേപ്പയൂർ പാടശേഖരത്തിലെ അത്തിക്കോട്ടെ വയലിൽ പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി തുടങ്ങിയത്. കേരള സംസ്ഥാന യന്ത്ര വൽക്കരണ മിഷൻ്റെ പവർ ടില്ലർ ഉപയോഗിച്ച് നിലം ഉഴുതും പഞ്ചായത്ത് ആദരിച്ച കർഷകനെയും കർഷക തൊഴിലാളികളെയും ചേർത്ത് കൊണ്ട് നിലമൊരുക്കൽ പ്രവർത്തനങ്ങളും നടത്തി. 90 ദിവസമാണ് മൂപ്പ്. ജനുവരി അവസാനം ഇട്ട വിത്ത് ഏപ്രിൽ അവസാന വാരത്തോടെ വിളവെടുപ്പിന് തയ്യാറായി.
പണ്ട് കേരളത്തിലെ രാജവംശങ്ങൾക്കായി ആദിവാസികൾ കൃഷി ചെയ്ത ഇനമാണ് രക്തശാലി.ഉയർന്ന അളവിൽ ഊർജ്ജം,പ്രോട്ടീൻ ഇരുമ്പ്,സിങ്ക്, കാർബോ ഹൈഡ്രേറ്റ് എന്നിവ രക്തശാലിയിൽ അടങ്ങിയിട്ടുണ്ട്. വിത്തിന് കിലോയ്ക്ക് 350 രൂപ മുതൽ 400 രൂപ വരെ വിപണിയിൽ വിലയുണ്ട്.
കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തിയത്.കേരള കാർഷിക സർവ്വകലാശാലയുടെ സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ ഡ്രോൺ വഴി സ്പ്രേ ചെയ്തിരുന്നു. ഇത് വിളവ് വർധിക്കാൻ കാരണമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2 വർഷത്തോളം പുല്ല് കേറി കിടന്ന നെൽവയലിനെ മെഡിസിനൽ നെല്ലായ രക്തശാലി കൃഷി ചെയ്ത് ഉദ്യോഗസ്ഥർ തിരികെ കൊണ്ട് വന്നു.
അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ കൃഷി രീതികളെ കുറിച്ച് വിശദീകരിച്ചു. കാർഷിക വികസന കമ്മിറ്റി അംഗങ്ങളായ എൻ.കെ ചന്ദ്രൻ, കെ.കെ മൊയ്തീൻ മാസ്റ്റർ, കുഞ്ഞിരാമൻ കിടാവ്, ദാമോദരൻ അഞ്ചുമൂലയിൽ എന്നിവരും ഭൂഉടമായ ബാബു മാസ്റ്റർ വട്ടക്കണ്ടി കാർഷിക കർമ്മസേന സീനിയർ ടെക്നീഷ്യൻ കെ.എം കൃഷ്ണൻ കർഷകരായ ഗോപാലൻ അഞ്ചുമൂലയിൽ, ശങ്കരൻ കാരയാട് എന്നിവരും ആശംസ അറിയിച്ചു.
കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ രക്തശാലി നെല്ലിൻ്റെ പോഷകഗുണങ്ങളെക്കുറിച്ചും കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്ന മാനസിക ഉല്ലാസത്തേയും സാമ്പത്തിക ലാഭത്തേയും കുറിച്ച് വിശദീകരിച്ചു. ചടങ്ങിന് എസ്.സുഷേണൻ നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.