Ticker

6/recent/ticker-posts

എന്റെ മോൻ പരീക്ഷയെഴുതാനിനിയില്ല. ആറടി മണ്ണിനടിയിൽ : അനിയാ എന്റെ പൊന്നു മോനെ കൊന്നതാണ്.. അവനെ കൊന്നവർ പരീക്ഷ എഴുതാൻ പോകുന്നു :വിപി ദുൽഖിഫിലിൻ്റെ ഫേസ്ബുക് പോസ്റ്റ്


ആറടി മണ്ണിനടിയിൽ : അനിയാ എന്റെ പൊന്നു മോനെ കൊന്നതാണ്.. അവനെ കൊന്നവർ പരീക്ഷ എഴുതാൻ പോകുന്നു കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് :വിപി ദുൽഖിഫിലുമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിച്ച് അതിൻറെ പൂർണ്ണരൂപം

“എന്റെ മകന് 12000 രൂപ വായ്പ വാങ്ങികൊടുത്താണ് ട്യൂഷൻ സെന്ററിലേക്ക് പഠിക്കാൻ വിട്ടത്. കഷ്ടപ്പെട്ടാണ് അവനെ ഞങ്ങൾ പഠിപ്പിച്ചിരുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന എന്റെ മോൻ പരീക്ഷയെഴുതാനിനിയില്ല. ആറടി മണ്ണിനടിയിൽ എന്റെ പൊന്നുമോനും അവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി..
അനിയാ എന്റെ പൊന്നു മോനെ കൊന്നതാണ്.. അവനെ കൊന്നവർ നാളെ പരീക്ഷ എഴുതാൻ പോകുന്നു.ഒരു നിയമ വ്യവസ്ഥയും നീതിയും കണ്ണ് തുറക്കാത്ത സമൂഹത്തിനു മുന്നിൽ കൂടി ആ കൊലപാതകികൾ പരീക്ഷയെഴുതാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ പകച്ചു പോയി..“

 കേരളത്തിലെ സ്കൂളുകളും ക്യാമ്പസുകളും പേരിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ നഷ്ടപ്പെട്ടുപോയതാണ് ഈ കൊച്ചു മോൻ. സ്നേഹിച്ചു കൊതി തീരാത്ത തന്റെ മകനെയോർത്ത് മാതാവു പറയുന്നു, “ഇനിയൊരു മകനും ഈ അവസ്ഥ ഉണ്ടാവരുത് ”. പത്താം ക്ലാസ് പരീക്ഷ എഴുതാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത് മരണത്തിലേക്കാണ് .പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത് .

ഈ കൊലപാതകത്തിൽ കുട്ടികൾക്ക് എവിടുന്നാണ് ഇത്രയും ധൈര്യം ലഭിച്ചത് എന്ന് പിതാവിനോട് ചോദിച്ചപ്പോൾ ഉത്തരം ഞെട്ടിക്കുന്നതാണ്, കഴിഞ്ഞദിവസം ഇതേ സമയത്ത് ഈ വിദ്യാർത്ഥികൾ കോമ്പസ് ഉപയോഗിച്ച് മറ്റൊരു വിദ്യാർത്ഥിയെ ആക്രമിക്കുകയും പോലീസിൽ പരാതി റിപ്പോർട്ട് ചെയ്യുകയും ചെയ്തതാണ് .,പക്ഷേ അന്ന് സ്കൂൾ അധികാരികളും പോലീസും ഒരുമിച്ച് ചേർന്ന് തങ്ങളുടെ സ്കൂളിന്റെ സൽപേരിന് കളങ്കം വരുമെന്നും ,അക്രമിയായ കുട്ടികളിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണെന്നും , അവർ പരാതി കൊടുത്താൽ നിങ്ങൾ തൃശ്ശൂരിൽ പോയി കേസ് നടത്തേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി പരാതി ഒതുക്കി തീർക്കുകയാണ് ചെയ്തത്. അന്ന് പരാതി ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഇന്ന് നമുക്ക് ഈ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നു. മാത്രവുമല്ല കുട്ടിയെ ഓർത്തു വിങ്ങിപൊട്ടുന്ന പിതാവിന്റെയും മാതാവിന്റെയും കണ്ണീരിനും ചോദ്യങ്ങൾക്കും മുമ്പിൽ നിശബ്ദരാവേണ്ടിവരില്ലായിരുന്നു.

ഭരണകൂട സംവിധാനം ദുർബലപ്പെടുമ്പോൾ ഓരോ കുടുംബത്തിലെയും സമാധാനമാണ് തകരുന്നത്. ഇതിനേക്കാൾ ആശങ്കപകരുന്ന കാര്യങ്ങൾ പിതാവ് പങ്കുവെക്കുകയും ഇത് നിങ്ങളെല്ലാവരും പറയണമെന്നും പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് വെളിപ്പെടുത്തുന്നത് .

“എന്റെ ഇളയ മകൻ പഠിക്കുന്ന സ്കൂളിലെ ടീച്ചറുടെ മകനാണ് കൊലപാതകി . അവന്റെ അച്ഛൻ പോലീസാണ് അവരുടെ മൂത്ത മകന്റെ സാന്നിദ്ധ്യം അവിടെയുണ്ട് എന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. അവൻ അവിടെ ഉണ്ടായിരുന്ന ക്യാമറക്ക് പിറകിൽ ഒളിച്ചിരിക്കുകയായിരുന്നു .അവനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം .മറ്റൊരു പ്രതിയുടെ പിതാവ് നാട്ടിലെ കൊട്ടേഷൻ സംഘത്തിന് നേതൃത്വം കൊടുക്കുന്നവരാണ് .അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന മാരകായുധം ഉപയോഗിച്ചാണ് എന്റെ മകനെ അടിച്ചു കൊന്നത് .അവർക്കെതിരെയും കേസെടുക്കണം. ഇനിയൊരു വിദ്യാർത്ഥിക്കും ഇങ്ങനെയൊരു പ്രയാസമുണ്ടാവരുത്. എന്റെ മകന് സംഭവിച്ചതുപോലെ മറ്റൊരു പിതാവിനും ഈ പ്രയാസം ഉണ്ടാവരുത് .ഇനിയൊരു കുടുംബവും ഈ ദുരന്തം അനുഭവിക്കരുത് .“

ആ മനസ്സിന് തീരുമാനിച്ചുറപ്പിച്ച ദൃഢതയുണ്ട് .അത് മകന്റെ കൊലപാതകർക്ക് എതിരായിട്ടുള്ള നിയമ പോരാട്ടത്തിന്റെയും ഭരണകൂടത്തിനെതിരായിട്ടുള്ള പ്രതിഷേധത്തിന്റെയും തീയാണ്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് പിതാവിന് മറ്റൊരു സംശയവുമില്ല .ഇന്ന് ഭരിക്കുന്ന സി പി ഐ എം രാഷ്ട്രീയ പാർട്ടിയുടെ കൂടെയാണ് ഇതിലെ പ്രതികളുടെ രാഷ്ട്രീയവും കാഴ്ചപ്പാടും. 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ MLA ഫോണിൽ പിതാവിനോട് സംസാരിക്കുകയും യൂത്ത് കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ഉറപ്പ് നൽകി .

ഓർക്കുക കൊലപാതക കേസിലെ പ്രതികൾക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിക്കുകയും പ്രതിഷേധിക്കുന്നവരുടെ തല അടിച്ചു പൊളിക്കുമ്പോൾ രക്ഷാപ്രവർത്തനമായി പാടുകയും ചെയ്യുന്നവരുടെ മുഖത്തേറ്റ തിരിച്ചടികളാണ് കേരളത്തിലെ ഓരോ കൊലപാതകങ്ങളും.

 സാംസ്കാരിക കേരളമേ...സാംസ്കാരിക പ്രവർത്തകരെ...മീര മാരെ...ഇനിയെങ്കിലും വാ തുറക്കുക.പിണറായിയുടെ മുമ്പിൽ നട്ടെല്ല് പണയം വെച്ചിട്ടില്ലെങ്കിൽ....!!!!

വിപി ദുൽഖിഫിൽ 
യൂത്ത് കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സെക്രട്ടറി

Post a Comment

0 Comments