ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യ്ക്കിടെ കസ്റ്റഡിയിലെടുത്ത ഐ.എസ്.എ. ദേശീയ പ്രസിഡന്റ് നേഹ ബോറ എവിടെയെന്ന ചോദ്യവുമായി സംഘടന രംഗത്ത്. നേഹയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് സംഭവത്തിൽ വലിയ ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു. പോലീസ് സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ദില്ലി പോലീസ് നിയോഗിച്ചിരിക്കുന്നതെന്ന ഗൗരവമേറിയ ചോദ്യവും സംഘടന ഉയർത്തിയിട്ടുണ്ട്.
മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സിന്റെ കസ്റ്റഡിയിലാണ് നേഹയെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. വൈകിട്ട് നാല് മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി എട്ട് മണിയായിട്ടും ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേഹയുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി.
അതേസമയം, തിരംഗ യാത്രയിൽ പങ്കെടുക്കവെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്തുവിടുന്നില്ലെന്ന് സി.ജെ.പി ആരോപിച്ചു. കൊണാട്ട് പ്ലേസിലേക്ക് ദേശീയ പതാകയുമേന്തി മാർച്ച് നടത്താൻ ഇറങ്ങവെ ഝണ്ഡേവാലാനിലെ വീടിന് പുറത്തുനിന്നാണ് വൈകിട്ട് നാല് മണിയോടെ ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കാട്ടി പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് ഇറങ്ങിയപ്പോഴായിരുന്നു നടപടി. ഇതുവരെയും അദ്ദേഹത്തെ വിട്ടയച്ചിട്ടില്ലെന്നും ഏത് പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കി.
നേതാക്കളുടെ കസ്റ്റഡിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘർഷ സാഹചര്യം പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. സി.ജെ.പി. പ്രവർത്തകരും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളാൽ ഡൽഹി ഇന്നും സമര-സംഘർഷ ഭൂമിയായി മാറി. സി.ജെ.പിയുടെ തിരംഗ യാത്രയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളും പൗരാവകാശ പ്രവർത്തകരും തെരുവിലിറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി.
പോലീസ് വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും പ്രവർത്തകർ മിന്നൽ പ്രതിഷേധവുമായി എത്തി. കനത്ത കാവൽ ഏർപ്പെടുത്തിയിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പോലീസ് തടയുകയും വ്യാപകമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമരത്തിന് ആം ആദ്മി പാർട്ടിയും മറ്റ് ഇടതു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതാണ് വൻ സംഘർഷത്തിന് കാരണമായത്. തടസ്സങ്ങളും അറസ്റ്റുകളും മറികടന്ന് ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്. ഇന്നത്തെ സമരം അവസാനിപ്പിച്ചതായി ഇടത് സംഘടനകൾ അറിയിച്ചിട്ടുണ്ടെങ്കിലും, നാളെയും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് തുടരുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.