കുന്നമംഗലം: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യപ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. കെ. ഫസീല ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം അധ്യക്ഷനായി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റൻറ് സർജൻ ഡോ. സീതു പൊന്നുതമ്പി ബോധവൽക്കരണ ക്ലാസ്സെടുത്തു.
ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത, ബ്ലോക്ക് വാർഡ് മെമ്പർ മജീദ് മൂലത്തിൽ, കൊടിയത്തൂർ വാർഡ് മെമ്പർ കെ. വി. നിയാസ്, ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോ. എൽ. ഭവില, തുടങ്ങിയവർ സംസാരിച്ചു.
എല്ലാ വർഷവും ലോകാരോഗ്യ സംഘടന ഒക്ടോബർ 29 ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുക, കാലതാമസമില്ലാതെ ചികിത്സ നടത്തുക, വേഗത്തിൽ പ്രവർത്തിക്കുക, ജീവൻ രക്ഷിക്കുക, സ്ട്രോക്ക് പ്രതിരോധത്തെക്കുറിച്ച് അറിയുക, സ്ട്രോക്ക് അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനുള്ള നിർദേശങ്ങൾ നൽകുക, സ്ട്രോക്കിൽ നിന്ന് മുക്തി നേടിയവർക്കും വൈകല്യം ഉള്ളവർക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പുവരുത്തുക, സ്ട്രോക്കിന്റെ ചികിത്സാരീതിയുടെ പ്രാധാന്യം പൊതുജനങ്ങളിൽ വളർത്തുക, സ്ട്രോക്കിന്റെ ഉയർന്ന നിരക്കും ഗുരുതരമായ സ്വഭാവവും പൊതുജനങ്ങളിൽ എത്തിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
മുഖം ഒരു വശത്തേക്ക് കോടുക, കൈകാലുകളിൽ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയാതിരിക്കുക, പെട്ടെന്ന് കാഴ്ചക്കുറവ്, ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പക്ഷാഘാതത്തിന്റെ സൂചനകളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ മാറുന്നതുവരെ കാത്തിരിക്കുകയോ വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുകയോ ചെയ്യാതെ അടിയന്തര വൈദ്യസഹായം തേടണം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.