ട്രാക്കില്‍ തീപ്പൊരി പടര്‍ത്തിയും വിജയലക്ഷ്യത്തിലേക്ക് ഓടിയെത്തിയും 68-ാമത് കേരള സംസ്ഥാന സ്കൂള്‍ കായികമേള അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. അത്ലറ്റിക്സ് മത്സരങ്ങളുടെ മൂന്നാം ദിനവും, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ കായികമേളയുടെ നാലാം ദിനവും പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടിന്റെ കായികമണ്ണില് ആവേശത്തിന് അല്‍പ്പം പോലും കുറവില്ല. മുഖ്യമന്ത്രിയുടെ 117.5 പവന്റെ തിളങ്ങുന്ന സ്വര്‍ണ്ണക്കപ്പെന്ന ഒറ്റ സ്വപ്നത്തിലേക്ക് കണ്ണുനട്ട് 14 ജില്ലകളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും എത്തിയ പതിനായിരത്തോളം കൊച്ചു കായികപ്രതിഭകളാണ് ഈ കായികമാമാങ്കത്തിന്റെ ജീവത്തുടിപ്പായി മാറിയിരിക്കുന്നത്.
എന്‍.ഐ.ടിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ കാണികളുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍ ഏറെയായിരുന്നു. കായികലോകത്തെ ഏറ്റവും വേഗമേറിയ പ്രതിഭകളെ കണ്ടെത്തുന്ന 100 മീറ്റര്‍ സ്പ്രിന്റുകളില്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ കൗമാര താരങ്ങള്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. സഹനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും മാറ്റുരച്ച 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തിലും, വായുവില്‍ വിസ്മയം തീര്‍ത്ത പോള്‍വോള്‍ട്ടിലും ലോങ് ജമ്പിലും, ഹൈജംപിലും കരുത്ത് വിളിച്ചോതിയ ജാവലിന്‍-ഡിസ്കസ് ത്രോ ഇനങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള താരങ്ങളുടെ പോരാട്ടവീര്യം പ്രകടമായിരുന്നു. തോല്‍വികളില്‍ നിരാശപ്പെടാതെ വിജയിച്ചവരെ കെട്ടിപ്പുണര്‍ന്ന് അഭിനന്ദിക്കുന്ന കായിക വസന്തത്തിന്റെ സൗഹൃദക്കാഴ്ചകളും ട്രാക്കില്‍ കാണാമായിരുന്നു.
മുന്നില്‍ മലപ്പുറം
മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 114 പോയിന്റോടെ മലപ്പുറം ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. 100.5 പോയിന്റുമായി പാലക്കാട് രണ്ടാമതും, 68 പോയിന്റോടെ ആലപ്പുഴയും 59 പോയിന്റുമായി തിരുവനന്തപുരവും വാശിയോടെ പിന്നിലുണ്ട്. 37 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മികച്ച പ്രകടനവുമായി മുന്നേറുന്നു.
സ്കൂള്‍ തലത്തിലുള്ള പോരാട്ടത്തില്‍ 35 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള്, വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും 21 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്ത്തുന്നുണ്ട്.
പ്രധാന വേദിയായ എന്‍.ഐ.ടിക്ക് പുറമെ കോഴിക്കോടിന്റെ വിവിധ കോണുകളിലുള്ള ഒന്‍പത് വേദികളിലും സമാനമായ ആവേശമാണ് അലയടിച്ചത്. കൊടിയത്തൂരിലെ സോഫ്റ്റ്ബോള്‍, ബേസ്ബോള്‍ കോര്‍ട്ടുകള്‍ മുതല്‍ പെരുവയലിലെ നെറ്റ്ബോള്‍ കോര്‍ട്ടിലും കുന്ദമംഗലത്തെ വടംവലി കളത്തിലും ദേവഗിരിയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലും കൊച്ചുകൂട്ടുകാര്‍ തങ്ങളുടെ സര്‍വ്വകരുത്തും പുറത്തെടുത്തു. ചാത്തമംഗലത്തെ യോഗയും സില്‍വര്‍ ഹില്‍സിലെയും പ്രസന്റേഷനിലെയും ബാസ്കറ്റ് ബോള്‍ മത്സരങ്ങളും കാണികള്‍ക്ക് മറക്കാനാവാത്ത കായിക വിരൊന്നൊരുക്കി.
ഹരിത പെരുമാറ്റച്ചട്ടവും ശുചിത്വ മിഷനും
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 120 വളണ്ടിയര്‍മാരും 40 ഹരിത കര്‍മ്മസേന വളണ്ടിയര്‍മാരുമാണ് ഗ്രൗണ്ടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നത്. രാവിലെ 6.30 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഇവരുടെ ഡ്യൂട്ടി. ഇതുവരെ 1200 കിലോഗ്രാം അജൈവ മാലിന്യമാണ് സംഘം വേര്‍തിരിച്ച് ശേഖരിച്ചത്.
സന്നദ്ധ സേവനവുമായി ആയിരത്തോളം വളണ്ടിയര്‍മാര്‍
ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റിക്ക് കീഴില്‍ ആയിരത്തോളം വളണ്ടിയര്‍മാരാണ് വിവിധ ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. കെ.എം.ഒ കൊടുവള്ളി, ആര്.ഇ.സി ജി.വി.എച്ച്.എസ്.എസ്, റഹ്മാനിയ സ്കൂള്‍, മര്‍കസ് സ്കൂള്‍, സായി സ്കൂള്‍, നായര്‍കുഴി എസ്.പി.സി, എന്റെ മുക്കം തുടങ്ങിയ വിദ്യാലയങ്ങളിലെയും കോളേജുകളിലെയും കൂട്ടായ്മകളിലെയും പ്രതിഭകള്‍ ഡ്യൂട്ടിയിലുണ്ട്. ഗ്രൗണ്ട്, ഗേറ്റ് കീപ്പര്‍, മീഡിയ, റിസപ്ഷന്, വെല്‍ഫയര്‍ തുടങ്ങി എല്ലാ മേഖലകളിലും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെയുള്ള ഷിഫ്റ്റുകളായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ ഇന്‍ ആന്‍ഡ് ഔട്ട് രജിസ്ട്രേഷനും ഇവര്‍ക്കായി നടപ്പിലാക്കിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കി കേരള പോലീസ്
കായികമേളയുടെ സുരക്ഷയ്ക്കായി ദിവസേന 400-ഓളം പോലീസ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും, രണ്ട് മുതല്‍ രാത്രി 10 വരെയും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു.
ആരോഗ്യ പരിചരണവുമായി കെ.എം.സി.ടി മെഡിക്കല്‍ ടീം
എല്ലാ വേദികളിലുമായി 70 അംഗ മെഡിക്കല്‍ സംഘമാണ് പ്രഥമശുശ്രൂഷയും ചികിത്സയും നല്‍കുന്നത്. പ്രധാന വേദിയായ എന്‍.ഐ.ടിയില്‍ മാത്രം നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടെ 17 സ്റ്റാഫുകള്‍ സജ്ജമാണ്. രാവിലെ 6.30 മുതല്‍ 1.30 വരെയും, 1.30 മുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയും നാല് പേരടങ്ങുന്ന ഷിഫ്റ്റുകളായാണ് ഇവരുടെ പ്രവര്‍ത്തനം. അടിയന്തര സാഹചര്യങ്ങള്‍ക്കായി ആംബുലന്‍സ് സേവനവും ഗുരുതര പരിക്കുകള്‍ക്ക് പ്രത്യേക ചികിത്സാ നിര്‍ദേശങ്ങളും ഇവര്‍ ഉറപ്പാക്കുന്നുണ്ട്.
കായിക താരങ്ങള്‍ക്ക് തണലായി സ്പോര്‍ട്സ് ആയുര്‍വേദ ടീം
മേളയുടെ ഏഴ് ദിവസങ്ങളിലും സ്പോര്‍ട്സ് ആയുര്‍വേദ മെഡിക്കല്‍ ടീമിന്റെ സര്‍വസജ്ജമായി സ്റ്റേഡിയത്തിലുണ്ട്. രാവിലെ 6.30 മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ രണ്ട് ഷിഫ്റ്റുകളിലായാണ് സേവനം നല്‍കുന്നത്. സ്പോര്‍ട്സ് ആയുര്‍വേദ എം.ഒമാര്‍, 14 പാരമെഡിക്കല്‍ സ്റ്റാഫ്, ഭാരതീയ ചികിത്സാ വകുപ്പില്‍ നിന്നും നാഷണല്‍ ആയുഷ് മിഷനില്‍ നിന്നുമുള്ള 50 എം.ഒമാര്‍, 16 പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കം ആകെ 212 അംഗ സംഘമാണ് ആയുര്‍വേദ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.