Ticker

6/recent/ticker-posts

സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചു


ന്യൂഡൽഹി: ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഞായറാഴ്ച രാവിലെ ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ഇവർക്ക് മോചനം ലഭിച്ചത്. ഇക്കാര്യം സി.ജെ.പി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് എക്സിലൂടെ സ്ഥിരീകരിച്ചു.
ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഇവർ സഞ്ചരിച്ച വിമാനം ദില്ലിയിൽ ഇറങ്ങിയ ഉടൻ വിമാനത്തിനകത്ത് വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കരുതൽ തടങ്കലിലാക്കിയ നേതാക്കളെ ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സി.ജെ.പിയുടെ പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ ശനിയാഴ്ചത്തെ പ്രതിഷേധം തടസ്സപ്പെട്ടിരുന്നു. എന്നാൽ കസ്റ്റഡിയിലായിരിക്കെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലൂടെ അഭിജീത് ദീപ്കെ സമരത്തിന്റെ ചുമതല ദേശീയ കോർഡിനേറ്റർ ഇൻചാർജ് അജിങ്ക്യ ഷിൻഡെയ്ക്ക് കൈമാറി. തുടർന്ന് ഞായറാഴ്ചയും സമരം തുടരാൻ അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു.
ശനിയാഴ്ച പ്രതിഷേധക്കാരെ ജന്തർ മന്തറിലേക്ക് എത്തുന്നതിൽ നിന്ന് തടയാൻ 25,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പോലീസ് വിന്യസിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെ ഏഴായിരത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Post a Comment

0 Comments