Ticker

6/recent/ticker-posts

കോവളം സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ പുറത്ത്; ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് ദിവസേന എത്തിയത് പതിനായിരക്കണക്കിന് രൂപ


​തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രതിയായ കോവളത്തെ സ്പാ കേസിൽ കോടികളുടെയും ലക്ഷങ്ങളുടെയും വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസിന്റെ കണ്ടെത്തൽ. ജി.പിേ (GPay) വഴിയുള്ള പണമിടപാടുകളാണ് കേസിൽ നിർണ്ണായക തെളിവായി മാറിയിട്ടുള്ളത്. മൂന്ന് മാസത്തോളം കാലം പ്രതിയായ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ രീതിയിൽ പണമെത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ദിവസവും പതിനായിരത്തിലധികം രൂപയാണ് ഈ അക്കൗണ്ടിലേക്ക് മാത്രം വന്നുകൊണ്ടിരുന്നത്.
​പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായ 'ഡ്രീംസ്' എന്ന് പേരുള്ള സ്പായുടെ യഥാർത്ഥ ഉടമ ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. സ്പായുടെ നടത്തിപ്പുകാരനായ നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്പായിലെ പ്രധാന പണമിടപാടുകളെല്ലാം മറ്റൊരു അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ സൈബർ പരിശോധനകളും ബാങ്ക് രേഖകളുടെ പരിശോധനയുമാണ് അനുരൂപിലേക്ക് അന്വേഷണം എത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
​അതിനിടെ, കോവളം മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന പതിനാലോളം സ്പാ സ്ഥാപനങ്ങൾ പൊലീസിന്റെ ശക്തമായ പരിശോധനയെ തുടർന്ന് അടപ്പിച്ചു. പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും അനധികൃത പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശനമായ പരിശോധനകളാണ് ഈ പ്രദേശങ്ങളിൽ പൊലീസ് തുടരുന്നത്.

Post a Comment

0 Comments