Ticker

6/recent/ticker-posts

വിഴിഞ്ഞത്തുനിന്നുള്ള ആദ്യ നേരിട്ടുള്ള അന്താരാഷ്ട്ര ചരക്ക് കയറ്റുമതി ആരംഭിച്ചു; കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു

വിഴിഞ്ഞത്തുനിന്നുള്ള ആദ്യ നേരിട്ടുള്ള അന്താരാഷ്ട്ര ചരക്ക് കയറ്റുമതി ആരംഭിച്ചു; കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് യാത്രതിരിച്ചു. 'എംഎസ്‌സി ബെറിൽ' എന്ന വൻകിട കണ്ടെയ്നർ കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റി അയച്ചിരിക്കുന്നത്. ഇതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണുള്ളത്. ബാക്കി ആറ് കണ്ടെയ്നറുകളിൽ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സമുദ്രോൽപ്പന്നങ്ങൾ (സീ ഫുഡ്സ്) ഉൾപ്പെടുന്നു.
പോർച്ചുഗൽ വഴി സ്പെയിനിലേക്ക്
വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ 'പോർട്ട് ഓഫ് സയൻസ്' തുറമുഖത്താണ് ആദ്യമടുക്കുക. അവിടെനിന്ന് ചരക്കുകൾ വിതരണം ചെയ്ത ശേഷമാണ് സ്പെയിനിലെ വലൻസിയയിൽ നങ്കൂരമിടുക. വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ ഇത് വലിയൊരു നാഴികക്കല്ലാണെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി.
കയറ്റുമതി സമയം 60 ദിവസത്തിൽ നിന്ന് 20 ദിവസമായി കുറയും
കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധാരണയായി 60 ദിവസത്തോളം സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ വിഴിഞ്ഞം തുറമുഖം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് ചരക്കുകൾ എത്തിക്കാൻ സാധിക്കും. ഇത് സമയം ലാഭിക്കുന്നതിനൊപ്പം വാണിജ്യ-വ്യാപാര മേഖലയ്ക്ക് വലിയ സാമ്പത്തിക ലാഭവും നൽകും.

Post a Comment

0 Comments