തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറിയ സർക്കുലറിലാണ് ദേശീയഗാനം മാത്രം ആലപിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രധാന ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കില്ല. ഓഗസ്റ്റ് 15-ന് രാവിലെ ഒൻപത് മണിക്കും അതിനുശേഷവുമായി സ്ഥാപന മേധാവികൾ ദേശീയപതാക ഉയർത്തണമെന്നും, തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. പതാക ഉയർത്തുന്ന വേളയിൽ ഭാരതത്തിന്റെ ഫ്ലാഗ് കോഡ് (2002) കർശനമായി പാലിക്കണമെന്നും, പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിവാദങ്ങൾക്ക് പിന്നാലെ പുതിയ സർക്കുലർ
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിർദ്ദേശപ്രകാരം വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി നേരത്തെ നൽകിയ സർക്കുലർ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലോക്ഭവന്റെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ നൽകിയതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വിഷയം കൂടുതൽ സങ്കീർണ്ണമാക്കി. എന്നാൽ അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കിയിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ദേശീയഗാനം മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുതിയ സർക്കുലർ ഇറക്കിയതും, അത് തന്നെ സ്കൂളുകളിൽ പിന്തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയതും.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.