ഡാളസ്: ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നങ്ങൾ തല്ലിക്കെടുത്തി സ്പാനിഷ് പട ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാളസിൽ നടന്ന ആവേശം നിറഞ്ഞ സെമിഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തകർത്താണ് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ലോകകിരീടം ചൂടിയ 2010-ലെ സുവർണ്ണ കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഇംഗ്ലണ്ടോ അർജന്റീനയോ ആകും ഫൈനലിൽ സ്പെയിന്റെ എതിരാളികൾ.
ടൂർണ്ണമെന്റിലുടനീളം പരാജയമറിയാതെ കുതിച്ചെത്തിയ സ്‌പെയിനും എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഫ്രാൻസും തമ്മിലുള്ള മാറ്റുരയ്ക്കൽ അത്യന്തം വാശിയേറിയതായിരുന്നു. എന്നാൽ ഫ്രഞ്ച് നിരയുടെ കടുത്ത ആക്രമണങ്ങളെ തങ്ങളുടെ സ്വതസിദ്ധമായ ഷോർട്ട് പാസ്സുകളിലൂടെ (Tiki-Taka) സ്പെയിൻ മറികടക്കുകയായിരുന്നു. സ്പാനിഷ് ഗോളി ഉനായ് സിമോണും പ്രതിരോധത്തിലെ കരുത്തരായ ലപോർട്ട – ക്യൂബാർസി സഖ്യവും ചേർന്ന് ഫ്രഞ്ച് നായകൻ കിലിയൻ എംബപ്പേയെയും കൂട്ടരെയും നിലംതൊടാൻ അനുവദിക്കാതെ പൂട്ടിക്കെട്ടി.
യമാലിന്റെ മാജിക്; പെനാൽറ്റിയിലൂടെ ആദ്യ ഗോൾ
തുടക്കത്തിൽ പ്രതിരോധിച്ചു കളിച്ച സ്പെയിൻ പതിയെ കളിയുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു. നിരന്തരമായ അക്രമണങ്ങളിലൂടെ ഫ്രഞ്ച് പ്രതിരോധത്തെ അവർ സമ്മർദ്ദത്തിലാഴ്ത്തി. കളിയുടെ 22-ാം മിനിറ്റിൽ സ്പെയിൻ മത്സരത്തിൽ മുന്നിലെത്തി. കഴിഞ്ഞ ദിവസം തന്റെ 19-ാം പിറന്നാൾ ആഘോഷിച്ച കൗമാര താരം ലാമിനെ യമാൽ വലതു വിങ്ങിലൂടെ നടത്തിയ മനോഹരമായ മുന്നേറ്റം തടയാൻ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെയ്ക്ക് പെനാൽറ്റി ബോക്സിനകത്ത് വെച്ച് പരുക്കൻ അടവുകൾ പുറത്തെടുക്കേണ്ടി വന്നു. റഫറി പെനാൽറ്റി വിധിച്ചതോടെ കിക്ക് എടുത്ത ഒയാർസബാൽ അനായാസേന പന്ത് ഫ്രഞ്ച് വലയിലെത്തിച്ചു (1-0).
ഫ്രഞ്ച് പ്രതിരോധം തകർത്ത് രണ്ടാമതും സ്പാനിഷ് പ്രഹരം
രണ്ടാം പകുതിയിലും കളിയിൽ മാറ്റമൊന്നും ഉണ്ടായില്ല. കിലിയൻ എംബപ്പേ ഉൾപ്പെടെയുള്ള ഫ്രഞ്ച് അക്രമണനിര നിറം മങ്ങിയതോടെ, ഗോളടിക്കാനായി പിന്നിൽ നിന്നും കൂടുതൽ കളിക്കാരെ ആക്രമണത്തിന് അഴിച്ചുവിടാൻ ഫ്രാൻസ് നിർബന്ധിതരായി. ഇത് ഫ്രഞ്ച് പ്രതിരോധത്തിൽ വലിയ വിടവുകൾ സൃഷ്ടിച്ചു.
കളിയുടെ 58-ാം മിനിറ്റിൽ ഈ ദൗർബല്യം സ്പെയിൻ കൃത്യമായി മുതലാക്കി. പരസ്പരം പന്ത് കൈമാറി മുന്നേറിയ ഡാനി ഓൾമോയും പെഡ്രോ പോറോയും നടത്തിയ കൗണ്ടർ അറ്റാക്ക് തടയാൻ ഫ്രാൻസിന് കെല്പില്ലായിരുന്നു. പെഡ്രോ നിലം പറ്റെ അടിച്ച മനോഹരമായ ഷോട്ട് ഫ്രഞ്ച് ഗോളിയെ കാഴ്ചക്കാരനാക്കി വല തുളച്ചു (2-0). തൊട്ടുപിന്നാലെ ലാമിനെ യമാൽ വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി വിധിക്കപ്പെട്ടതിനാൽ ഫ്രാൻസിന്റെ തോൽവിയുടെ ആഘാതം രണ്ടിലൊതുങ്ങി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.