Ticker

6/recent/ticker-posts

മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം"; എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ് ഫോൺ കോൾ


​കോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ സന്ദേശം. സംസ്ഥാനത്ത് ഉടൻ മന്ത്രിസഭാ പുനഃസംഘടന വരുമെന്നും പണം നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമാണ് ഫോൺ സന്ദേശത്തിൽ ആവശ്യപ്പെട്ടത്. വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയായിരുന്നു കോൾ എത്തിയത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ സെൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
​കേരളത്തിലെ പ്രമുഖരായ നിരവധി എം.എൽ.എമാർക്കും ജനപ്രതിനിധികൾക്കും സമാനമായ രീതിയിൽ തട്ടിപ്പ് ഫോൺ സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.

​പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ കൊള്ളസംഘം; നമ്പർ ഒപ്പിച്ചത് കേരളത്തിലെ എംപിയിൽ നിന്ന്
​ഈ മാസം ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്‌സ്ആപ്പ് വഴി തട്ടിപ്പ് കോൾ വരുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്നും 'രാജ്കുമാർ' എന്നാണ് തന്റെ പേരെന്നുമാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. കേരളത്തിലെ ഒരു കോൺഗ്രസ് എംപിയാണ് വിദ്യയുടെ നമ്പർ തനിക്ക് നൽകിയതെന്നും അയാൾ അവകാശപ്പെട്ടു.
​സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ ഉടൻ തന്നെ ബന്ധപ്പെട്ട എംപിയെ വിളിച്ച് അന്വേഷിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ വിളിച്ചിരുന്നുവെന്നും, കേരളത്തിലെ രണ്ട് നേതാക്കളുടെ മൊബൈൽ നമ്പറുകൾ ചോദിച്ചതനുസരിച്ചാണ് നമ്പർ നൽകിയതെന്നും എംപി സ്ഥിരീകരിച്ചു. തുടർന്ന് കോൺഗ്രസ് നേതൃത്വം ഡൽഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഓഫീസിൽ നിന്നും ഇത്തരത്തിൽ ആരെയും വിളിച്ചിട്ടില്ലെന്നും ഇത് വലിയൊരു സൈബർ തട്ടിപ്പാണെന്നും ബോധ്യപ്പെട്ടത്. പാർട്ടി നേതൃത്വത്തിന്റെ പൂർണ്ണ അനുമതിയോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് വിദ്യാ ബാലകൃഷ്ണൻ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വൻ തട്ടിപ്പ് സംഘത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്.

Post a Comment

0 Comments