Ticker

6/recent/ticker-posts

വേദിയിൽ കുട്ടികളെ പരസ്യമായി ശാസിച്ച് കെ.ടി ജലീൽ; മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവത്തിൽ വിവാദം, പ്രതിഷേധം ശക്തമാകുന്നു


മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ അനുമോദനത്തിനെത്തിയ വിദ്യാർത്ഥികളെ വേദിയിൽ വെച്ച് അപമാനിച്ച മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർത്ഥികളെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത സംഭവമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
നഗരസഭയുടെ 19, 20, 22 വാർഡുകളിലെ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കായുള്ള വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെ.ടി. ജലീലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഹിന്ദി വിഷയത്തിൽ എ പ്ലസ് (A+) നേടിയ കുട്ടികളെയാണ് അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. തുടർന്ന് മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ചെറിയ പിഴവുകൾ സംഭവിച്ചപ്പോൾ കുട്ടികളെ തിരുത്തുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു.
"തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?"; നാണംകെടുത്തിയും ചെവിയിൽ നുള്ളിയും മുൻ മന്ത്രി
'എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?' എന്ന് നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ച് ചോദിച്ചാണ് ജലീൽ കുട്ടികളെ നാണംകെടുത്തിയത്. ഇതിനു പിന്നാലെ കുട്ടികളെ വേദിയിൽ വെച്ച് അദ്ദേഹം ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനുശേഷം വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കണമെന്നും വിദ്യാർത്ഥികളെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. പരിപാടിക്കിടെ 'സംസം' എന്ന വാക്കിന്റെ അർത്ഥം ചോദിക്കുകയും വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന കൃതിയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. പരീക്ഷയിലെ വെറും മാർക്ക് മാത്രമല്ല യഥാർത്ഥ അറിവെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാണ് താൻ ശ്രമിച്ചതെന്ന് ജലീൽ അവകാശപ്പെടുന്നുണ്ടെങ്കിലും, പൊതുവേദിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിൽ അപമാനിച്ചതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ കെ.ടി. ജലീലിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments