തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റി വെച്ചു. ജൂലൈ 20 മുതൽ 25 വരെ നടത്താനിരുന്ന പ്രതിഷേധ പരിപാടികളാണ് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റിവെക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത്.
ജൂലൈ 13-ന് ഗതാഗത മന്ത്രിയുമായി നടത്തിയ ഔദ്യോഗിക ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ബസുടമകളെ അറിയിച്ചു. ആറ് ആഴ്ചയ്ക്കുള്ളിൽ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രിയദർശിനി പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം താൽക്കാലികമായി നിർത്തിവെച്ചത്.
മുന്നറിയിപ്പുമായി ഫെഡറേഷൻ
മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള അനിശ്ചിതകാല ബസ് സമരത്തിലേക്ക് നീങ്ങുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
പ്രധാന ആവശ്യങ്ങൾ ഇവയാണ്:
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണം.
സൗജന്യ യാത്രയ്ക്ക് ഒരു ദിവസം രണ്ട് യാത്രകൾ മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്യണം.
കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകളെ പോലെ സമയക്ലിപ്തത (Time Discipline) നിർബന്ധമാക്കണം.
ഫെഡറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ഭാരവാഹികളായ എം.എസ്. പ്രേംകുമാർ, ശരണ്യ മനോജ്, സത്യൻ പാലക്കാട്, പാലമുറ്റത്ത് വിജയ് കുമാർ എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.