Ticker

6/recent/ticker-posts

വയനാട് ദുരന്തം: കള്ളാടിയിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി


കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. കാണാതായവർക്കായുള്ള വിപുലമായ തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച മീനാക്ഷി പുഴയ്ക്ക് സമീപത്തുനിന്നും നാല് പേരുടെ മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
തുരങ്കപാത നിർമ്മാണ കമ്പനിയിലെ എഞ്ചിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദീൻ അൻസാരി എന്നിവരുടെയും ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്ത മറ്റൊരാളുടെയും മൃതദേഹങ്ങളാണ് പുതുതായി കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇവ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
  രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു
ദുരന്തബാധിത പ്രദേശം ആകെ നാല് പ്രത്യേക സോണുകളായി തിരിച്ചാണ് എൻ.ഡി.ആർ.എഫും സൈന്യവും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ ഒന്നാമത്തെ സോണിൽ നിന്നാണ് പുതുതായി നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണ, സർവേയറായ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായും ഈ സോണിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഹിറ്റാച്ചി ഓപ്പറേറ്ററായ മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൽ പാൽ (37), ഫോർമാനായ ബിഹാർ സ്വദേശി ബികാസ് കുമാർ സിങ് (40), ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് (25) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യം മരിച്ച മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ എംബാം ചെയ്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനായി നിർമ്മാണ കരാർ കമ്പനിയായ 'ദിലീപ് ബിൽഡ്കോണിന്' അധികൃതർ കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments