ന്യൂഡൽഹി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണക്കപ്പലുകൾക്ക് (ടാങ്കറുകൾ) നേരെ ഉണ്ടായ കടുത്ത ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് ഇന്ത്യൻ നാവികർക്ക് പരിക്കേറ്റതായും ഇതിൽ രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
'എംടി അൽ ബഹിയ' (MT Al Bahia), 'എംടി മൊംബാസ' (MT Mombasa) എന്നീ രണ്ട് ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലുകളിലുണ്ടായിരുന്ന ആകെ 46 ജീവനക്കാരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ 'അൽ ബഹിയ' എന്ന കപ്പലിലെ ജീവനക്കാരനാണ്.
ഇറാൻ ഡെപ്യൂട്ടി ചീഫിനെ വിളിച്ചുവരുത്തി ഇന്ത്യ; കടുത്ത പ്രതിഷേധം
അന്താരാഷ്ട്ര സമുദ്രപാതയിൽ സമാധാനപരമായി സർവീസ് നടത്തിയിരുന്ന കപ്പലുകൾക്കും സാധാരണക്കാരായ നാവികർക്കും നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ദില്ലിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ കടുത്ത അമർഷം അറിയിച്ചത്.
സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം സായുധ നീക്കങ്ങളും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളെ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അവിടുത്തെ പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ അടിയന്തര ചികിത്സാ സഹായങ്ങളും മറ്റ് നാവികർക്കുള്ള സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.