ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ലബനനിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ഇറാൻ. ഇസ്രായേലിന്റെ നടപടി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതോടെ ആഗോള എണ്ണവ്യാപാര പാത കൂടിയായ ഹോർമുസ് മേഖലയിൽ വീണ്ടും യുദ്ധസമാനമായ സംഘർഷം കടുക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിട്ടുണ്ട്.
ഇതോടൊപ്പം, തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ വകമാറ്റി ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനീവ ചർച്ച റദ്ദാക്കി; ഇസ്രായേലിനെതിരെ യുഎസ് വൈസ് പ്രസിഡന്റ്
മേഖലയിലെ പുതിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ന് ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടത്താനിരുന്ന നിർണ്ണായക ചർച്ച റദ്ദാക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചയിൽ നിന്നും പിന്മാറിയതോടെയാണിത്. ലബനനിൽ ഇസ്രായേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.
വിഷയത്തെച്ചൊല്ലി ഇസ്രായേലിനും അമേരിക്കയ്ക്കുമിടയിൽ വാക്‌പോരും ശക്തമായിട്ടുണ്ട്. ഇസ്രായേലിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് നടത്തിയ പരാമർശം ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. ഇസ്രായേലിനെ സംരക്ഷിക്കാൻ ഉപയോഗിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു ജെ.ഡി. വാൻസിന്റെ പ്രസ്താവന. എന്നാൽ ഇതിനോട് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലബനനിൽ മരണസംഖ്യ ഉയരുന്നു
ലബനനിൽ അർദ്ധരാത്രി മുതൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ലബനനിലെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള ആഗോള ശക്തികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ നിലനിൽക്കെത്തന്നെയാണ് ഇസ്രായേൽ ആക്രമണം തുടരുന്നതും ഇറാൻ തങ്ങളുടെ തന്ത്രപ്രധാനമായ കടൽപ്പാത അടച്ച് തിരിച്ചടിച്ചതും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.