Ticker

6/recent/ticker-posts

ടൂണീഷ്യയെ തകർത്തുതരിപ്പണമാക്കി ജപ്പാൻ

 


മെക്സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് എഫിൽ (Group F) ആഫ്രിക്കൻ രാജ്യമായ ടുണീഷ്യക്കെതിരേ  തകര്പ്പന്‍ ജയവുമായി ഏഷ്യൻ വമ്പന്മാരായ ജപ്പാൻ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലൂ സമുറായികൾ ടൂണീഷ്യയെ തറപറ്റിച്ചത്. സൂപ്പർ താരം അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് തകർപ്പൻ വിജയമൊരുക്കിയത്. ഈ ലോകകപ്പിൽ ജപ്പാന്റെ ആദ്യ വിജയമാണിത്. ആദ്യ മൽസരത്തിൽ അവർ നെതർലൻഡ്സുമായി 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഡച്ച് പടയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ജപ്പാൻ.

കളി തുടങ്ങി നാലാം മിനിറ്റിൽ ഗോൾവേട്ട

മത്സരത്തിലുടനീളം കൃത്യമായ ആധിപത്യം പുലർത്തിയ ജപ്പാൻ നാലാം മിനിറ്റിൽ തന്നെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ഇടത് വിംഗിൽ നിന്ന് നകാമുറ ബോക്സിലേക്ക് നൽകിയ മികച്ചൊരു ക്രോസ് ഡെയ്ച്ചി കമാഡ കൃത്യമായി വലയിലാക്കുകയായിരുന്നു (1-0). തുടർന്ന് 31-ാം മിനിറ്റിൽ ജപ്പാൻ ലീഡ് ഉയർത്തി. ബോക്സിന് പുറത്ത് നിന്ന് ഫെയനൂർദ് സ്ട്രൈക്കർ ഉയേഡ തൊടുത്തുവിട്ട മനോഹരമായ ഗ്രൗണ്ട് ഷോട്ട് പ്രതിരോധ താരത്തിന്റെ കാലുകൾക്കിടയിലൂടെ കടന്നുപോയി വലയിൽ തുളച്ചുകയറി (2-0).

രണ്ടാം പകുതിയിലും തളരാതെ ജപ്പാൻ

69-ാം മിനിറ്റിൽ ജപ്പാന്റെ മൂന്നാം ഗോളും പിറന്നു. പ്രതിരോധനിരയിൽ പന്ത് കൈവശം വെച്ചതിന് ശേഷം മധ്യനിരയിലേക്ക് ഇറങ്ങിവന്ന ഉയേഡയ്ക്ക് പന്ത് ലഭിക്കുന്നു. തുടർന്ന് ഒരു തകർപ്പൻ വൺ-ടച്ച് ഫ്ലിക്കിലൂടെ അദ്ദേഹം പന്ത് ഇറ്റോയിലേക്ക് കൈമാറുകയും പ്രതിരോധത്തെ നോക്കുകുത്തിയാക്കി ഇറ്റോ ലക്ഷ്യം കാണുകയുമായിരുന്നു (3-0). 83-ാം മിനിറ്റിൽ ജപ്പാൻ ഗോൾപട്ടിക തികച്ചു. ഇത്തവണ ഉയേഡയുടെ ഉഗ്രൻ ഹെഡ്ഡറിലാണ് ഗോൾ പിറന്നത്. ഇതോടെ സ്കോർ 4-0 ആയി.

ടൂണീഷ്യ പുറത്തേക്ക്; ജപ്പാന് അടുത്ത എതിരാളി സ്വീഡൻ

ആദ്യ മത്സരത്തിൽ 5-1ന് പരാജയപ്പെട്ടതിനെ തുടർന്ന് കോച്ചിനെ പുറത്താക്കി ഹാർവ് റെനാർഡിനെ പുതിയ കോച്ചായി ടൂണീഷ്യ നിയമിച്ചിരുന്നെങ്കിലും ഈ മത്സരത്തിലും അവർക്ക് രക്ഷയുണ്ടായില്ല. തോൽവിയോടെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്വീഡനെയാണ് ജപ്പാൻ നേരിടുക.

Post a Comment

0 Comments