ചെന്നൈ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗിനുള്ളിൽ കൈകാലുകളും തലയും ഇല്ലാത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ക്രൂരമായ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും ഇവരുടെ ആൺസുഹൃത്തിനെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന കോണിപ്പടിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നീല ട്രോളി ബാഗ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബാഗിൽ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജിആർപി (GRP) സംഘം സ്ഥലത്തെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പുരുഷന്റെ ഉടൽ മാത്രം കണ്ടെത്തിയത്.
ഉറക്കഗുളിക നൽകി മയക്കി; ക്രൂരത ഇങ്ങനെ
തുടർന്ന് ചെന്നൈ പോലീസ് നടത്തിയ അതിവേഗ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അമീർ അലിയാണെന്ന് തിരിച്ചറിഞ്ഞത്. ആസൂത്രിതമായാണ് പ്രതികൾ കൊലപാതകം നടത്തിയത്. അമീർ അലിക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷം ഇരുവരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു.
അമീർ അലിയുടെ തല ചെങ്കൽപ്പെട്ട് ജില്ലയിലാണ് ഉപേക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തല കണ്ടെത്താനായി പോലീസ് ആ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പ്രതികളിലേക്ക് നയിച്ചത് 'ആശുപത്രി കവർ'
കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ ഉടൽ ഭാഗം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചെന്നൈ തെയ്നംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള കവറായിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും, റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി (CCTV) ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് പ്രതികൾ വലയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.