ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ മേഖലയായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ വൻ സ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു. അപകടത്തിൽ 66 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി നിലവിൽ വിപുലമായ തെരച്ചിൽ പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാത്രി 10.45 ഓടെയാണ് കനത്ത ശബ്ദത്തോടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്‌ടറിയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ബർസാൻ ഗ്യാസ് പ്ലാന്റിലാണ് (Barzan Gas Plant) അപകടം സംഭവിച്ചത്.
സാങ്കേതിക തകരാർ; വാതകച്ചോർച്ചയില്ല
പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയാകുന്ന തരത്തിൽ യാതൊരുവിധ വാതകച്ചോർച്ചയും (Gas leak) മേഖലയിൽ ഉണ്ടായിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയവും അധികൃതരും വ്യക്തമാക്കി.
 
അപകടം നടന്നയുടൻ തന്നെ എമർജൻസി റെസ്പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഖത്തർ എനർജി അറിയിച്ചു. തീ അണച്ചതിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന് കീഴിലുള്ള 'ഖത്തരി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും' (ലഖ്വിയ) സിവിൽ ഡിഫൻസും സംയുക്തമായി രംഗത്തിറങ്ങി.  . പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.