തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സൗജന്യ സ്ത്രീ യാത്രാ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.
പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഈ കാലയളവിലെ യാത്രാ രീതികളും വരുമാന വ്യത്യാസങ്ങളും കൃത്യമായി പഠിച്ച ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള മറ്റ് ഉയർന്ന ശ്രേണിയിലെ ബസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുക.
പ്രതിമാസം 57 കോടിയുടെ അധിക ബാധ്യത; പഠിക്കാൻ ധനകാര്യ സെക്രട്ടറി
എല്ലാ ബസുകളിലും ഒരേസമയം സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കനത്ത വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി പരിമിതപ്പെടുത്തുമ്പോൾ കെഎസ്ആർടിസിക്ക് പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുകയെന്ന് കണക്കാക്കുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഈ നഷ്ടം പൂർണ്ണമായും സർക്കാർ തന്നെ ഏറ്റെടുക്കും. കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ എങ്ങനെ നികത്തണം എന്നതിനെക്കുറിച്ച് കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.