Ticker

6/recent/ticker-posts

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച; സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കാണാനില്ല, മുൻ ഉദ്യോഗസ്ഥനിലേക്ക് അന്വേഷണം


​മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതായി റിപ്പോർട്ട്. വിവിധ കാലയളവുകളിലായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തതും യാത്രക്കാർക്ക് കളഞ്ഞു കിട്ടിയതുമായ സ്വർണ്ണശേഖരമാണ് സ്റ്റേഷനിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്.
​സംഭവത്തിന് പിന്നിൽ കരിപ്പൂർ സ്റ്റേഷനിൽ മുൻപ് സേവനമനുഷ്ഠിച്ചിരുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് പ്രാഥമിക സൂചന. ഇയാളെ കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തെ ബാധിക്കാതിരിക്കാൻ ഈ ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. കുറ്റകൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പോലീസ് കടക്കും.
​പുറത്തുകൊണ്ടുവന്നത് ഇന്റലിജൻസ് റിപ്പോർട്ട്
​കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലൂടെയാണ് സ്റ്റേഷനിലെ സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറംലോകമറിയുന്നത്. തുടർന്ന് കൊണ്ടോട്ടി എ.എസ്.പി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും, മലപ്പുറം എസ്.പിക്ക് നൽകിയ റിപ്പോർട്ടിൽ സ്വർണം കാണാതായ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
​പോലീസ് സ്റ്റേഷനകത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ ഉൾപ്പെടെയുള്ള സ്വർണം കാണാതായ സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാൽ സംഭവത്തിൽ ഉന്നതതലത്തിലുള്ള സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments