മലപ്പുറം: കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് വയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ശ്വാസംമുട്ടി മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരണപ്പെട്ടത്. മലപ്പുറം ഊർങ്ങാട്ടിരി കോന്നൂർകണ്ടിയിലുള്ള കൊക്കൊ വില്ല റിസോർട്ടിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പം അവധിദിനം ആഘോഷിക്കാനും സമയം ചിലവഴിക്കാനുമായി റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. താമസം കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കുട്ടി പൂളിലേക്ക് വീണത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പൂളിൽ വീണതായി കണ്ടെത്തുകയും ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടം നടന്ന കൊക്കൊ വില്ല റിസോർട്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.