കോഴിക്കോട്: നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാനാഞ്ചിറ സ്ക്വയറിൽ സന്ദർശകർക്ക് നേരെ കടന്നൽ ആക്രമണം. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിൽ മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി കല്ലുമൊട്ടക്കൽ സുബൈറിന്റെ ഭാര്യ തെസ്ലി, മകൾ ഫാത്തിമ ഹനിയ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവർക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി.വലിപ്പമേറിയ ഇനത്തിൽപ്പെട്ട ഭീമൻ കടന്നലുകളാണ് അമ്മയെയും മകളെയും ആക്രമിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ശരീരത്തിൽ കൂടുതൽ കുത്തുകൾ ഏറ്റിരുന്നെങ്കിൽ ഇവരുടെ ജീവന് തന്നെ അപകടമാകുമായിരുന്ന സാഹചര്യമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുൻപും മാനാഞ്ചിറ സ്ക്വയറിൽ വെച്ച് കടന്നൽ കുത്തേറ്റ നിരവധിപേർ ചികിത്സ തേടി എത്തിയിട്ടുണ്ടെന്നും ഡോക്ടർമാർ സൂചിപ്പിക്കുന്നു.മാനാഞ്ചിറയ്ക്കുള്ളിലെ മുളങ്കൂട്ടങ്ങളിലാണ് ഈ ഭീമൻ കടന്നലുകൾ വലിയ രീതിയിൽ കൂടുകൂട്ടിയിരിക്കുന്നത്. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും ഇവയെ അവിടെ നിന്നും തുരത്താനോ നശിപ്പിക്കാനോ കോഴിക്കോട് കോർപ്പറേഷനോ പാർക്ക് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
പരാതിപ്പെടാൻ പോലും ആളില്ല സുരക്ഷാ വീഴ്ചയെന്ന് കുടുംബം
ഗുരുതരമായ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് പരാതിപ്പെടാൻ മാനാഞ്ചിറ സ്ക്വയറിൽ ഉത്തരവാദപ്പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ കുടുംബം പരസ്യമായി ആരോപിക്കുന്നു. പൊതുജനങ്ങൾ ഏറെയെത്തുന്ന ഒരു പാർക്കിൽ ഇത്തരമൊരു അപകടമുണ്ടായിട്ടും സഹായത്തിനോ വിവരം അറിയിക്കാനോ ഒരു ഉദ്യോഗസ്ഥൻ പോലും സ്ഥലത്തില്ലാതിരുന്നത് സന്ദർശകരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയർത്തുന്നത്.ദിവസേന നൂറുകണക്കിന് കുടുംബങ്ങളും കുട്ടികളും എത്തുന്ന മാനാഞ്ചിറ സ്ക്വയറിലെ ഈ കടന്നൽക്കൂട്ടങ്ങളെ എത്രയും വേഗം തുരത്തിയില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് നഗരം സാക്ഷിയാകേണ്ടി വരും. അധികൃതർ അടിയന്തരമായി ഇടപെട്ട് പാർക്കിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ശക്തമായ ആവശ്യം.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.