Ticker

6/recent/ticker-posts

കോഴിക്കോടിന് മന്ത്രിസ്ഥാനമില്ല; ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും; യുഡിഎഫിൽ പ്രതിഷേധം


കോഴിക്കോട്: പുതിയ സംസ്ഥാന മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകാതെ പൂർണ്ണമായി അവഗണിച്ചതിനെതിരെ യു.ഡി.എഫിൽ പരസ്യ പ്രതിഷേധം. കോഴിക്കോട്ടെ മുസ്‌ലിം ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടി കെട്ടുകയും നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. കടുത്ത അസംതൃപ്തിയാണ് പ്രാദേശിക അണികൾക്കിടയിൽ പുകയുന്നത്.
'ആറിൽ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യത?'
ലീഗ് ഹൗസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
"ആറിൽ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണുള്ളത്? കോഴിക്കോടിനെ തഴയാൻ മാത്രം ഗഫൂറിന് എന്ത് യോഗ്യതയാണുള്ളത്?" - പോസ്റ്ററുകളിലെ വാചകങ്ങൾ വ്യക്തമാക്കുന്നു.
മുസ്‌ലിം ലീഗ് മത്സരിച്ച ആറ് സീറ്റുകളിലും മികച്ച വിജയം സമ്മാനിച്ച ജില്ലയെ അവഗണിച്ചതിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഐഎൻടിയുസിയും പ്രതിഷേധത്തിൽ; അവസാന നിമിഷം ഒഴിവാക്കപ്പെട്ടവർ
ജില്ലയിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി കെ. ജയന്തും, ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ളയും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷത്തെ ചർച്ചകളിൽ ഇരുവരെയും ഒഴിവാക്കുകയായിരുന്നു. പാറക്കൽ അബ്ദുള്ളയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് സൂചന. നേരത്തെ കോൺഗ്രസ് പ്രതിനിധികൾ ഇല്ലാത്തതിനെതിരെ ഐ.എൻ.ടി.യു.സിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
റെക്കോർഡ് വിജയം നേടിയിട്ടും അവഗണന
വർഷങ്ങളായി കോൺഗ്രസിന് എം.എൽ.എമാർ ഇല്ലാതിരുന്ന കോഴിക്കോട് ജില്ലയിൽ ഇത്തവണ യു.ഡി.എഫ് ചരിത്ര വിജയമാണ് നേടിയത്. ജില്ലയിലെ ആകെയുള്ള 13 സീറ്റുകളിൽ 12 ഇടത്തും യു.ഡി.എഫ് സഖ്യം വിജയിച്ചുകയറി. അഞ്ച് കോൺഗ്രസ് പ്രതിനിധികളും, ആറ് ലീഗ് പ്രതിനിധികളും, ഒരു സ്വതന്ത്രനുമാണ് ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയത്. ഇത്രയും മികച്ച വിജയം നൽകിയിട്ടും മലബാർ മേഖലയിലെ പ്രധാന ജില്ലയായ കോഴിക്കോടിന് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതാണ് ഇപ്പോൾ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്

Post a Comment

0 Comments