Ticker

6/recent/ticker-posts

വാൽപ്പാറ ദുരന്തം: മരണസംഖ്യ പത്തായി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരണപ്പെട്ടു


മലപ്പുറം: വാൽപ്പാറയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി (39) അന്തരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഇതോടെ കേരളത്തെ നടുക്കിയ ഈ ദാരുണ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.

അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. അതേസമയം, കോയമ്പത്തൂരിൽ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പാങ്ങ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് യുപി സ്കൂളിലെ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാൽപ്പാറ ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞത്

Post a Comment

0 Comments