ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലെ വോട്ടർമാരും ഇന്ന് വിധിയെഴുതും.
തമിഴ്‌നാട്: 4023 സ്ഥാനാർത്ഥികൾ, അഞ്ചരക്കോടി വോട്ടർമാർ
തമിഴ്‌നാട്ടിലെ 234 സീറ്റുകളിലായി ആകെ 4,023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 5 കോടി 73 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുക. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടി.വി.കെ. അധ്യക്ഷൻ വിജയ്, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തും.
സിനിമാ താരങ്ങളായ രജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരും ചെന്നൈയിൽ വോട്ട് ചെയ്യാനെത്തും. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ കോയമ്പത്തൂരിലുമാണ് വോട്ട് രേഖപ്പെടുത്തുക. 2021-ൽ 73.63 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്.
ബംഗാൾ: ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങൾ
പശ്ചിമ ബംഗാളിൽ വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബി.ജെ.പിക്ക് മികച്ച സ്വാധീനമുള്ള മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എന്നാൽ, മമത ബാനർജിയും അഭിഷേക് ബാനർജിയും നയിച്ച റാലികൾ തൃണമൂൽ കോൺഗ്രസിന് അനുകൂലമായ 'ബംഗാൾ വികാരം' വോട്ടാക്കി മാറ്റുമെന്നാണ് ടി.എം.സി കരുതുന്നത്.
സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ചാണ് വോട്ടെടുപ്പ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.