തിരുവല്ല: കന്നിവോട്ട് ചെയ്താൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഹൽവ കിട്ടാത്തതിൽ പരാതിപ്പെട്ട വിദ്യാർത്ഥിക്ക് സ്പീഡ് പോസ്റ്റിലൂടെ ഹൽവ അയച്ചുനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ നെടുമ്പ്രം അമിച്ചകരി സ്വദേശി ആരോൺ ഫിലിപ്പ് ജേക്കബിനാണ് (19) കഴിഞ്ഞ ദിവസം തപാലിലൂടെ മധുരമെത്തിയത്.
തിരുവല്ല നിയോജക മണ്ഡലത്തിലെ അമിച്ചകരി മാർത്തോമ്മാ എൽ.പി സ്കൂളിലെ 178-ാം ബൂത്തിലായിരുന്നു ആരോണിന്റെ വോട്ട്. കന്നിവോട്ടർമാർക്ക് സമ്മാനമായി ഹൽവ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ട് ചെയ്ത ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, എല്ലാ ബൂത്തുകളിലുമല്ല, തിരഞ്ഞെടുത്ത ചില ബൂത്തുകളിൽ മാത്രമേ ഈ പദ്ധതി ഉള്ളൂ എന്നായിരുന്നു മറുപടി.
ഇതിൽ നിരാശനായ ആരോൺ വിട്ടുകൊടുക്കാൻ തയ്യാറായില്ല. നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിനെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ആരോൺ ഇ-മെയിൽ അയച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ നീതിയും സുതാര്യതയും ഉറപ്പാക്കണമെന്നായിരുന്നു വിദ്യാർത്ഥിയുടെ അഭ്യർത്ഥന.
ഇമെയിൽ ശ്രദ്ധയിൽപ്പെട്ട അഡീഷണൽ തെരഞ്ഞെടുപ്പ് ഓഫീസർ ഉടൻ തന്നെ ഫോണിലൂടെ ആരോണിനെ ബന്ധപ്പെടുകയും ഹൽവ എത്തിക്കാമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. പറഞ്ഞ വാക്ക് പാലിച്ച് കമ്മീഷൻ അയച്ച ഹൽവ, ആരോൺ ഇപ്പോൾ താമസിക്കുന്ന കോട്ടയം ദേവലോകം അരമന ക്യാമ്പസിലാണ് എത്തിയത്. ഒരു പൗരന്റെ ചെറിയ പരാതി പോലും ഗൗരവമായി എടുത്ത കമ്മീഷന്റെ നടപടിയെ സോഷ്യൽ മീഡിയയും കൈയടികളോടെയാണ് സ്വീകരിക്കുന്നത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.