Ticker

6/recent/ticker-posts

കാട്ടുപന്നിക്കായി വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു


മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരത്ത് കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. സ്വന്തം വാഴത്തോട്ടത്തിന് കാവൽ നിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അബ്ദുൽ അസീസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. കൃഷി സംരക്ഷിക്കാനായി നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. മൃതദേഹത്തിന് സമീപം ഒരു കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. അബ്ദുൽ അസീസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.

പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരേതനായ കുഞ്ഞിമൊയ്തുവിന്റേയും ആസ്യയുടേയും മകനാണ് അബ്ദുൽ അസീസ്

Post a Comment

0 Comments