വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. നിലവിൽ മേഖലയിലുള്ള രണ്ട് വിമാനവാഹിനിക്കപ്പലുകൾക്ക് പുറമെ മൂന്നാമതൊന്ന് കൂടി ഇറാൻ ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് (USS George H.W. Bush) എന്ന വിമാനവാഹിനിക്കപ്പലിനെയാണ് പെന്റഗൺ പുതിയതായി വിന്യസിച്ചിരിക്കുന്നത്.
ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വിന്യാസം:
2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ നാവിക വിന്യാസമാണിതെന്ന് ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷിനൊപ്പം മൂന്ന് ഡിസ്ട്രോയർ കപ്പലുകളും അയ്യായിരത്തോളം സൈനികരുമുണ്ട്. നിലവിൽ മേഖലയിൽ പട്രോളിംഗ് നടത്തുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ കപ്പലുകൾക്കൊപ്പം ഇതും ചേരുന്നതോടെ അമേരിക്കയുടെ പ്രഹരശേഷി വർധിക്കും.
വെടിനിർത്തലും ഉപരോധവും:
പാകിസ്താന്റെ അഭ്യർത്ഥന പ്രകാരം ഇറാനുമായുള്ള വെടിനിർത്തൽ ട്രംപ് നീട്ടിയെങ്കിലും ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം അമേരിക്കൻ നാവികസേന തടഞ്ഞിരിക്കുകയാണ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചും മറ്റ് തർക്കവിഷയങ്ങളിലും കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നത് വരെ ഉപരോധം തുടരുമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്.
അതേസമയം, അമേരിക്കയുടെ നീക്കം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും കടൽക്കൊള്ളയാണെന്നും ഇറാൻ ആരോപിച്ചു. ഏത് നിമിഷവും തിരിച്ചടി നൽകാൻ സജ്ജമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.