മനാമ/ദോഹ/കുവൈത്ത് സിറ്റി: ഇറാനുമായി ബന്ധപ്പെട്ട ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ സേനകൾ നിരീക്ഷണവും പ്രതിരോധ നടപടികളും കർശനമാക്കിയിട്ടുണ്ട്.
മിസൈലുകളെയും ഡ്രോണുകളെയും തകർത്ത് ബഹ്‌റൈൻ
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണശ്രമങ്ങളെ ശക്തമായി നേരിട്ടതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു. ഇതുവരെ 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് ബഹ്‌റൈൻ അധികൃതർ വ്യക്തമാക്കി.
ഖത്തറിന് നേരെയും ഡ്രോൺ ആക്രമണശ്രമം
കഴിഞ്ഞ ഞായറാഴ്ച ഖത്തറിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ഖത്തർ സായുധ സേന സമയോചിതമായി ഇടപെട്ട് ഇവയെ തടഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേന സജ്ജമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് സൈനികർക്ക് പരിക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ കടന്നുകയറിയ 14 ഡ്രോണുകളെ സുരക്ഷാ സേന കണ്ടെത്തി. ഇതിൽ എട്ടെണ്ണം സേന തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് മൂന്ന് സൈനികർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെയും ആക്രമണശ്രമം ഉണ്ടായെങ്കിലും ആളപായമില്ല. നാഷണൽ ഗാർഡ് അഞ്ച് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായും അധികൃതർ അറിയിച്ചു.
നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.