Ticker

6/recent/ticker-posts

നന്തിയിൽ 'അരികെ' അയൽപക്ക സദസ്സ് സംഘടിപ്പിച്ചു; പാലിയേറ്റീവ് കെയർ ക്യാംപയിന് ഊഷ്മള തുടക്കം



നന്തി: "കരുണാർദ്ര സമൂഹ സൃഷ്ടിക്കായ് കൈകോർക്കാം" എന്ന സന്ദേശവുമായി തിക്കോടി പാലൂരിലെ ദയസ്നേഹതീരം പാലിയേറ്റിവ് കെയർ ആഭിമുഖ്യത്തിൽ 'അരികെ' അയൽപക്ക സദസ്സ് സംഘടിപ്പിച്ചു. നന്തി സബ് സെൻ്റർ കോർഡിനേറ്റർ ഹനീഫ സ്റ്റാറിൻ്റെ വസതിയിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി വളണ്ടിയർമാരും പ്രദേശവാസികളും പങ്കെടുത്തു.
കുവൈത്ത് പ്രവാസികളുടെ ജീവകാരുണ്യ സംഘടനയായ സാന്ത്വനം കടലൂർ കുവൈത്തിൻ്റെ സഹകരണത്തോടെയാണ് അയൽസഭ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ മജീദ് റവാബി നിർവ്വഹിച്ചു. മാറാരോഗങ്ങളാലും വാർദ്ധക്യസഹജമായ അവശതകളാലും വീടിനുള്ളിൽ ഒതുങ്ങിപ്പോയവർക്ക് ആശ്വാസമേകാൻ പ്രാദേശിക തലത്തിൽ അയൽക്കൂട്ടങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെക്കുറിച്ച് വളണ്ടിയർമാരായ ബഷീർ കോവുമ്മൽ, ടി. വി. മുഹമ്മദ് നജീബ്, സാഹിറ ജമാൽ, ഫഹ്മിദ സമ എന്നിവർ ക്ലാസ്സുകളെടുത്തു. രോഗീ പരിചരണത്തിൽ പാലിക്കേണ്ട ശ്രദ്ധ, മാനസിക പിന്തുണ നൽകുന്നതിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ക്ലാസ് വിശദീകരിച്ചു.
കുഞ്ഞബ്ദുള്ള കക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് മണ്ടോളി, ശരീഖ് എം.കെ., സലാം കെ.കെ., അംബിക പ്രകാശ്, മുഹമ്മദ് കാളിയേരി എന്നിവർ ആശംസകൾ നേർന്നു. ഹനീഫ സ്റ്റാർ സ്വാഗതവും നജില മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments