Ticker

6/recent/ticker-posts

കന്യാസ്ത്രീകള്‍ക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകള്‍.

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിച്ചിട്ടുണ്ട്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങള്‍ ചുമത്തി. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ എഫ്‌ഐആറില്‍ ഉന്നയിച്ചിട്ടുണ്ട്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു.


ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, കെ. സുധാകരന്‍ എന്നീ എംപിമാരാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിര്‍ത്തിവയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ടിക്കറ്റ് പരിശോധനക്കെത്തിയ ടിടിഇയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്.


ഇവര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദള്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്‍ത്തകര്‍ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ ചാക്കിടാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നതിനിടെയണ് പാര്‍ട്ടി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായി ആപമാനിക്കുകയും ജയിലിലാക്കുകയും ചെയ്തിരിക്കുന്നത്.

അതിനിടെ ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശര്‍മ മിഷനറി പ്രവര്‍ത്തകരെ പോലീസിന്റെ മുന്നിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പുറത്ത് വന്നത്.

ജ്യോതി ശര്‍മ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യുന്നതിന്റെയും അടിക്കാനോങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശര്‍മയുടെ നേതൃത്വത്തില്‍ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക പറഞ്ഞു.

Post a Comment

0 Comments