കേരളം കണ്ട മഹാ ദുരന്തം ഏറ്റുവാങ്ങിയ വയനാടിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി വയനാട് എം പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ ദുരന്തബാധിതർക്കുള്ള സഹായം വായ്പയായി നൽകിയത് അത്ഭുതകരവും നീതിരഹിതവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമർശനം ഉയർത്തി. കേരളം കണ്ട മഹാ ദുരന്തം ഏറ്റുവാങ്ങിയ വയനാടിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ദുരിതാശ്വാസം വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും വായ്പ സമയപരിധി നീട്ടണമെന്നും വയനാട് എം പി ആവശ്യപ്പെട്ടു. വിഷയം ലോക്സഭയിൽ അവതരിപ്പിക്കാൻ അനുവാദം തേടി പ്രിയങ്ക നോട്ടീസും നൽകിയിട്ടുണ്ട്.
അതിനിടെ വയനാട് ദുരന്തത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനീതി കാട്ടിയെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 2024 ജൂലൈ 30 ന്, കൃത്യം ഒരു വർഷം മുമ്പ് കേരളത്തിലെ വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരകളോടുള്ള കുറ്റകരമായ അവഗണന ഉയർത്തിക്കാട്ടിക്കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. 350-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും 200 പേരെ കാണാതായിട്ടും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാര്യമായ ആശ്വാസമോ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകിയിട്ടില്ല. അതിജീവിച്ചവരിൽ പലരും അടിസ്ഥാന സൗകര്യങ്ങളില്ലാതെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നു. നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും പ്രത്യേക പുനരധിവാസ പാക്കേജ് നൽകണമെന്നും സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഗോത്രവർഗ, പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഒരു ദീർഘകാല ദുരന്ത ലഘൂകരണ നയവും അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.