കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി 2026 മാർച്ച് 31 വരെ നീട്ടണമെന്ന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ആവശ്യപ്പെട്ടു.
ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ പല നികുതി ദായകർക്കും ആംനസ്റ്റി സ്കീമിന് കീഴിലുള്ള പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നില്ല. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴി ക്യു ആർ കോഡ് സ്കാനിങ് ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് സംവിധാനം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം ഇടപാടുകൾക്ക് ദൈനംദിന ഇടപാട് പരിധിയുള്ളതുകൊണ്ട് ഇത് മുഖേനെയുള്ള പണമിടപാട് പൂർത്തീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല ആംനംസ്റ്റി സ്കീമിൽ ഉൾപ്പെടുത്താവുന്ന മുൻകാല നികുതി ബാധ്യതകൾ കണക്കാക്കുന്നതിന് പഴയകാല രേഖകൾ വീണ്ടെടുക്കുന്നതിനും വ്യവസ്ഥകളിൽ വ്യക്തത തേടുന്നതിനും പല വ്യാപാരികൾക്കും കൂടുതൽ സമയം ആവശ്യവുമാണ്. സ്‌കീമിനെ കുറിച്ച് വ്യാപാരികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ കൂടി കഴിഞ്ഞാൽ നിലവിലെ കുടിശ്ശിഖകളിൽ കുറേയധികം പിരിച്ചെടുക്കുവാനും സാധിക്കും .
കോഴിക്കോട്ട് എത്തിയ ബഹുമാനപ്പെട്ട കേരള ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനെ സന്ദർശിച്ച് അസോസിയേഷൻ ഭാരവാഹികൾ നിലവിലെ ആംനെസ്റ്റി സ്കീം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് നികുതി ദായകരും ടാക്സ് പ്രാക്ടീഷണർമാരും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും മന്ത്രിക്ക് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്തു.
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് സംസ്ഥാന പ്രസിഡന്റ് മസൂദ്.കെ, മുൻ വർക്കിംഗ് പ്രസിഡന്റ് തോമസ്.കെ.ഡി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അജയകുമാർ പേരാമ്പ്ര, സെക്രട്ടറി സതീശൻ കൊയിലാണ്ടി, ട്രഷറർ ഷാജിചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി മനോജ്, നാനാശാന്ത്, ശ്രീകുമാർ എന്നിവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.