Ticker

6/recent/ticker-posts

രാജ്യം ഒറ്റക്കെട്ടായി പോരാടി : അഭിവാദ്യങ്ങൾ നേർന്ന് പ്രധാനമന്ത്രി.


ന്യൂഡല്‍ഹി: കശ്മീരിലെ പെഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ നടത്തിയ സൈനികനടപടിയില്‍ സൈന്യത്തിനും അര്‍ധ സൈനികര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും അഭിവാദ്യങ്ങൾ നേരുന്നതായി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി  പറഞ്ഞത്. കഴിഞ്ഞുപോയ ദിവസങ്ങളില്‍ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മള്‍ സാക്ഷികളായി. നമ്മുടെ വീര സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയത്.
അവരുടെ വീരതയെയും സാഹസത്തെയും കരുത്തിനെയും രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയാണ്. ഏപ്രില്‍ 22ന് പെഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവന്‍ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാന്‍ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നല്‍കി. ഞങ്ങളുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലര്‍ച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരം നടത്തി. 'ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലല്ലെന്നും' പ്രധാനമന്ത്രി പറഞ്ഞു. ആരും ഇടപെട്ടതു കൊണ്ടല്ല വെടിനിര്‍ത്തലുണ്ടായത്. പാകിസ്താന്‍ കാലുപിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലുണ്ടായത്. എന്തെങ്കിലും വിഷയത്തില്‍ ചര്‍ച്ച വേണമെങ്കില്‍ അത് ഭീകരതയില്‍ മാത്രമാണ്. ഇന്ത്യയുടെ മേല്‍ ആണവ ഭീഷണി വിലപ്പോവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments