തിക്കോടി ടൗണിൽ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും വിവിധ സാമൂഹ്യ സാംസ്കാരിക ആരാധനാലയ കമ്മിറ്റികളും സന്നദ്ധ സംഘടനകളും ചേർന്ന് രൂപീകരിച്ച ബഹുജന സംഘടനയായ തിക്കോടി ടൗൺ എൻ എച്ച് അടിപ്പാത ആക്ഷൻ കമ്മിറ്റി 2022 ഒൿടോബർ 23 മുതൽ പ്രവർത്തിച്ച് വരികയാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എം പി മാർക്കും എംഎൽഎ, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും എൻ എച്ച് എ ഐ അധികൃതർക്കും ജില്ലാ കലക്ടർക്കും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും നിരവധി തവണ നിവേദനം കൊടുക്കുകയും വ്യത്യസ്ത പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. നവംബർ 25 ആം തീയതി മുതൽ മരണം വരെയുള്ള നിരാഹാര സമരം അനുഷ്ഠിക്കാൻ പോകുന്ന ഘട്ടത്തിലാണ് രണ്ടു വർഷത്തിലേറെയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ ബഹുജന സംഘടനയെ തകർക്കാൻ വേണ്ടിയുള്ള ചില ഗൂഢശ്രമങ്ങൾ നടക്കുന്നത്.
 സർവ്വകക്ഷികളെയും അണിനിരത്തി ഐക്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആക്ഷൻ കമ്മിറ്റിയാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടുന്നത്.

   ആക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അംഗങ്ങളെ അറിയിക്കുന്നത്.സർവ്വകക്ഷികളും ഉൾപ്പെട്ട കമ്മിറ്റി ആയതുകൊണ്ട് തന്നെ രാഷ്ട്രീയ പരാമർശങ്ങളും വിവാദ പ്രസ്താവനകളും ഒഴിവാക്കണം എന്നത് ഗ്രൂപ്പ് അംഗീകരിച്ച പൊതു നിയമമാണ്. എന്നാൽ ഈ അടുത്തകാലത്ത് ഇതിന് വിരുദ്ധമായ പരാമർശങ്ങൾ ഗ്രൂപ്പിൽ ചർച്ചക്ക് വന്നത് ആക്ഷൻ കമ്മിറ്റിയുടെ പൊതു വികാരത്തിന് എതിരായത് കൊണ്ടും കമ്മിറ്റിയുടെ ഐക്യം തകരാനും ഇടയാക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് എല്ലാവരുടെയും സമ്മതത്തോടെ എട്ടുപേരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത്.(6/10/2024)
 
      ഗ്രൂപ്പിൽ നിന്ന് പുറത്തുപോയവർ സ്വന്തം നിലയിൽ അടിപ്പാത ആക്ഷൻ കമ്മിറ്റി എന്ന അതേ പേര് സ്വീകരിച്ചുകൊണ്ട് മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായി അറിയാൻ കഴിഞ്ഞു. 
 രണ്ടുവർഷമായി നിലനിൽക്കുന്ന അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ ഗ്രൂപ്പിലെ അംഗങ്ങളെ അവരുടെ സമ്മതം ഇല്ലാതെ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
 ഇവരാണ് അടിപ്പാത ആക്ഷൻ കമ്മിറ്റി പിളർന്നു എന്ന വ്യാജവാർത്ത ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

    തിക്കോടിയിലെ സമരപ്പന്തലിൽ മാസങ്ങളോളം നീണ്ടുനിന്ന റിലേ നിരാഹാര സമരത്തിലും മറ്റു പ്രതിഷേധ സംഗമങ്ങളിലും ഒരിക്കൽപോലും പങ്കെടുക്കാത്ത ചിലരും ആക്ഷൻ കമ്മിറ്റിയിൽ നേതൃപരമായ പങ്കുവഹിക്കാത്തവരുമാണ് പുതിയ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.
 വി കെ അബ്ദുൾ മജീദ് ചെയർമാനും കെ വി സുരേഷ് കുമാർ കൺവീനറും ആയി രണ്ടുവർഷം മുമ്പ് രൂപീകരിച്ച അതേ കർമ്മ സമിതി തന്നെയാണ് ഇപ്പോഴും തിക്കോടിയിൽ നിലവിലുള്ളത്. ഈ സമിതിയുടെ ഭാരവാഹികളോ അംഗങ്ങളോ ആയിട്ടുള്ള ആരും സമിതിയിൽ നിന്ന് പുറത്തു പോയിട്ടില്ല.
 തിക്കോടിയിൽ അടിപ്പാത അനുവദിച്ചു കിട്ടാൻ വേണ്ടിയുള്ള ശക്തമായ സമരപരിപാടികളുമായി ആക്ഷൻ കമ്മിറ്റി മുന്നോട്ടുപോവുകയാണ്.
 അടിപ്പാത ആക്ഷൻ കമ്മിറ്റി പിളർന്നു എന്ന രൂപത്തിൽ വന്ന വാർത്ത,
 ഇതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അംഗങ്ങളെ വേദനിപ്പിക്കുന്നതാണ്.

      കഴിഞ്ഞ സെപ്റ്റംബർ 26ന് അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടിയിൽ നടന്ന വമ്പിച്ച ജനകീയ കൺവെൻഷനിൽ വെച്ച്, തുടർന്ന് നടത്തുന്ന സമരപരിപാടികൾ പ്രഖ്യാപിച്ചിരുന്നു. അന്തിമ സമരം എന്ന നിലയിൽ മരണം വരെയുള്ള നിരാഹാര സമരമാണ് അതിൽ ഏറ്റവും പ്രധാനം. നവംബർ 25നാണ് ആ സമരം ആരംഭിക്കുന്നത്.
തിക്കോടിയിൽ അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭ രംഗത്ത് ഉറച്ചു നിൽക്കാൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്.
 അനിശ്ചിതകാല നിരാഹാര സമരം വിജയിപ്പിക്കാൻ വേണ്ടി വലിയ മുന്നൊരുക്കങ്ങളും പ്രചരണ പരിപാടികളും ആവശ്യമാണ്.ഇക്കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ്
 ഒക്ടോബർ 31ന് തിക്കോടി ടൗണിൽ സമരപ്പന്തലിന് സമീപം ജനറൽബോഡി യോഗം തീരുമാനിച്ചത്.
 ജനറൽബോഡി വമ്പിച്ച വിജയമാക്കി സമരം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
 വികെ അബ്ദുൾ മജീദ് (ചെയർമാൻ)
 കെ വി സുരേഷ് കുമാർ (കൺവീനർ)
 കെ പി നാരായണൻ (ട്രഷറർ)

 *തിക്കോടി ടൗൺ എൻഎച്ച് അടിപ്പാത ആക്ഷൻ കമ്മിറ്റി*