തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പതിനാറുകാരനെ ദാരുണമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻ.എസ്.എസ്. ഹൈസ്കൂൾ വിദ്യാർത്ഥിയായ അഭിരാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനേഴുകാരൻ ഉൾപ്പെടെ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐ.ഡി. ഉപയോഗിച്ച് സന്ദേശമയച്ചാണ് പ്രതികൾ അഭിരാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതക കേസിൽ പിടിയിലായ പതിനേഴുകാരനും ഒരു പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കൊല്ലപ്പെട്ട അഭിരാം ഈ പെൺകുട്ടിയുമായി സാമൂഹിക മാധ്യമങ്ങൾ വഴി സംസാരിച്ചിരുന്നതിനെ ചൊല്ലി ഇവർക്കിടയിൽ മുമ്പ് തർക്കങ്ങൾ നിലനിന്നിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഫോൺ കോൾ വന്നതിനെ തുടർന്ന് പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. വൈകീട്ടായിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകി.
തുടർന്ന് അഭിരാമിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അവസാനമായി സംസാരിച്ചത് പെൺസുഹൃത്താണെന്ന് മനസ്സിലാക്കിയ പോലീസ് കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് മറ്റൊരു സുഹൃത്തിന്റെ പങ്ക് വെളിപ്പെടുന്നത്. പെൺകുട്ടിയുടെ വ്യാജേന ഇൻസ്റ്റഗ്രാം വഴി സന്ദേശമയച്ച് അഭിരാമിനെ ആൾപ്പാർപ്പില്ലാത്ത കാടുപിടിച്ച പറമ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിളിച്ച് വിവരം അറിയിച്ചിരുന്നതായി പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉമറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.