കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം പോലീസിനെ സമീപിച്ചു. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. ശസ്ത്രക്രിയക്കിടെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മാസം 18-നായിരുന്നു ഹസീനയ്ക്ക് ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് ഗുരുതരമായ രീതിയിൽ അണുബാധയുണ്ടായതായി കണ്ടെത്തുകയും വയർ തുറന്ന് രണ്ടാമതും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് ചികിത്സാപിഴവുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അണുബാധയും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുമാണ് മരണത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.