കോഴിക്കോട്: ഖത്തറിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.) ഓഫീസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ ആരോപണവിധേനായ പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കി. കെ.എം.സി.സി. അടക്കമുള്ള ലീഗിന്റെ എല്ലാ പോഷക സംഘടനകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി പാർട്ടി സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടയിലാണ് പാർട്ടിയുടെ കർശന നടപടി.
നേരത്തെ കേസിൽ കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണന്റെ മൊഴിയിലും ഇയാൾ പുറത്തുവിട്ട വീഡിയോയിലും റസാഖ് റൊട്ടാനയുടെ പേര് നേരിട്ട് പരാമർശിച്ചിരുന്നു. അതോടൊപ്പം കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി ബോംബെ ഷാജിയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റസാഖിന്റെ പേര് കടന്നുവന്നിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ഈ ആരോപണങ്ങളെല്ലാം റസാഖ് റൊട്ടാന പൂർണ്ണമായി നിഷേധിച്ചു. തനിക്കെതിരെ ഒരു വിഭാഗം രാഷ്ട്രീയ എതിരാളികൾ ബോധപൂർവ്വമായ നീക്കം നടത്തുകയാണെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
അതേസമയം, തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്ന ആരെയും പാർട്ടി സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലീഗുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ കവർച്ചയ്ക്ക് പിന്നിലുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അൽ തുമാമയിലെ കെ.എം.സി.സി. ഓഫീസിന്റെ ലോക്കർ തകർത്ത് എട്ട് കോടിയോളം ഇന്ത്യൻ രൂപയാണ് അക്രമി സംഘം കവർന്നത്. കെ.എം.സി.സി.യുടെ 'സ്നേഹ സുരക്ഷാ പദ്ധതി'ക്കായി പ്രവാസികളിൽ നിന്നും സമാഹരിച്ച തുകയായിരുന്നു ഇത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിക്കുമ്പോൾ സാമ്പത്തിക സഹായം നൽകാനുമായി സമാഹരിച്ച തുകയാണ് നഷ്ടപ്പെട്ടത്.
പണം നഷ്ടമായതിനെ തുടർന്ന് കെ.എം.സി.സി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖത്തർ പോലീസും കേരളത്തിലെ ഗൂഢാലോചനയെ മുൻനിർത്തി കൊയിലാണ്ടി പോലീസും സമാന്തരമായി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കേസിൽ നാലാം പ്രതിയായ ബാലകൃഷ്ണൻ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. താനൊരു വെൽഡിങ് തൊഴിലാളി മാത്രമാണെന്നും അറേബ്യൻ രാജ്യത്ത് ഒരു ചെറിയ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കേസിലെ ഒന്നാം പ്രതി ബോംബെ ഷാജി തന്നെ ഖത്തറിലേക്ക് എത്തിച്ചതെന്നുമാണ് ബാലകൃഷ്ണൻ അവകാശപ്പെടുന്നത്. ഖത്തറിലെത്തിയ ശേഷമാണ് ഇതൊരു കെ.എം.സി.സി. ഓഫീസാണെന്ന് തനിക്ക് മനസ്സിലായതെന്നും, പ്രതികളുടെ ഭീഷണി കാരണം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തുറക്കാൻ സഹായിക്കേണ്ടി വരികയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.