Ticker

6/recent/ticker-posts

പ്രതിഷേധത്തിന് ഫലം കണ്ടു: കൊയിലാണ്ടിയിൽ പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി കോടതി; നടപടി പൊലീസിന്റെ അപേക്ഷയെതുടർന്ന്


 പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. വടകര സ്വദേശി റഫീക്കിന്റെ ജാമ്യമാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഉത്തരവിലൂടെ റദ്ദാക്കിയത്. നിലവിൽ പ്രതി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സി.ഐ. പ്രശാന്ത് ആർ. ആണ് കോടതിയിൽ ഔദ്യോഗികമായി ഹർജി സമർപ്പിച്ചത്. പത്ത് മാസം മുമ്പാണ് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അബ്ദുൽ റഫീഖിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ പ്രതി, വീട്ടിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും തുടർച്ചയായി രണ്ടുവർഷത്തോളമാണ് ഇയാൾ കുട്ടിയെ ചൂഷണം ചെയ്തത്.
പ്രതിയായ റഫീഖ് അറസ്റ്റിലാവാതെ മുൻകൂർ ജാമ്യത്തിൽ ഇറങ്ങിനടക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിയമനടപടികൾ ശക്തമാക്കുകയും കോടതി ജാമ്യം റദ്ദാക്കുകയും ചെയ്തത്

Post a Comment

0 Comments