Ticker

6/recent/ticker-posts

വടകര മയ്യന്നൂരിൽ പോക്‌സോ കേസ് പ്രതിക്ക് വെട്ടേറ്റു


​വടകര: മയ്യന്നൂരിൽ പോക്‌സോ കേസിലെ പ്രതിയായ വ്യാപാരിക്ക് വെട്ടേറ്റു. മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് (58) ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റിട്ടുള്ളത്.
​ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ വടകര പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡിലായിരുന്ന നാസർ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി അധികം വൈകാതെയാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. പോക്‌സോ കേസ് അതിജീവിതയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
​കടയിൽ സാധനം വാങ്ങാൻ എത്തിയ പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ, കടയുടെ ഉടമസ്ഥനായ നാസർ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് കേസ് എടുത്തിരുന്നത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നാസറിനെ ഉടൻ തന്നെ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments