കോഴിക്കോട്: ട്രാക്കിലെ ചോരപൊടിയുന്ന മുറിവുകൾ നൽകിയ വേദനയിലും ആ പതിനാറുകാരിയുടെ മുഖത്ത് വിരിഞ്ഞത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ ജി. അക്ഷയ പൊന്നണിഞ്ഞ നിമിഷം കായികകേരളത്തിന്റെ ഉള്ളുലയ്ക്കുന്ന ഒന്നായി മാറി. കഠിനാധ്വാനം കൊണ്ട് മാത്രം ഓടിയെടുത്ത ആ സ്വർണ്ണമെഡലിനേക്കാൾ തിളക്കമുണ്ടായിരുന്നു മത്സരശേഷം അക്ഷയയുടെ കണ്ണുകളിൽ മിന്നിമറഞ്ഞ സ്വപ്നങ്ങൾക്ക്.
സ്വന്തമായി ഒരു ജോഡി സ്പൈക്ക് ഷൂസ് പോലുമില്ലാതെയാണ് അക്ഷയ കായികമേളയിലെ ട്രാക്കിലിറങ്ങിയത്. സുഹൃത്തിന്റെ സ്പൈക്ക് ഷൂസ് കടം വാങ്ങി ഓടി ഒന്നാമതായി ഫിനിഷ് ചെയ്തതിനു പിന്നാലെ, അടുത്ത ഇനത്തിൽ മത്സരിക്കേണ്ട സഹപാഠിക്കായി അവൾ ആ ഷൂസ് ഊരി നൽകി. നാല് വർഷങ്ങൾക്ക് മുൻപ് പരിശീലകൻ ബിജു വാസുദേവനോട് അക്ഷയ ചോദിച്ച ആ ഒറ്റച്ചോദ്യമാണ് അവളെ ഇന്നത്തെ സ്വർണ്ണനേട്ടത്തിലേക്ക് നയിച്ചത്. ഓടി ജയിച്ചാൽ എങ്കിലും ഞങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ ഒരു വീട് കിട്ടുമോ സാറേ എന്നായിരുന്നു അന്ന് ആ കുഞ്ഞു പെൺകുട്ടി ചോദിച്ചത്.
പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരിയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ പേരിലുള്ള സ്ഥലത്ത് ഫ്ലെക്സ് അടിച്ചു മറച്ച ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അക്ഷയയും കുടുംബവും കഴിയുന്നത്. സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുടുംബം ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരുന്നിട്ടും ഇതുവരെ ഒരു സഹായവും ലഭിച്ചില്ല. ട്രാക്ടർ ഡ്രൈവറായ അച്ഛൻ ഗുരുവായൂരപ്പന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്. ഹൃദ്രോഗിയായ ചേച്ചിയുടെ ശസ്ത്രക്രിയയ്ക്കും ശ്വാസംമുട്ടലുള്ള സഹോദരന്റെ ചികിത്സയ്ക്കും പണമില്ലാതെ പ്രയാസപ്പെടുമ്പോഴും അക്ഷയയുടെ തളരാത്ത മനോധൈര്യമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ കാലിലെ പരിക്ക് കാരണം കൈവിട്ടുപോയ സ്വർണമെഡൽ ഇത്തവണ സ്വന്തം അധ്വാനം കൊണ്ട് അക്ഷയ വീണ്ടെടുത്തു. എന്നാൽ ഇത് വെറുമൊരു കായിക മെഡൽ മാത്രമല്ല, അടച്ചുറപ്പുള്ള ഒരു വീടെന്ന ആ കുഞ്ഞു കുടുംബത്തിന്റെ വലിയ സ്വപ്നമാണ്. ജനശ്രദ്ധയും അടിയന്തര സഹായവും അർഹിക്കുന്ന ഈ കായികപ്രതിഭയ്ക്ക് തലചായ്ക്കാൻ സുരക്ഷിതമായ ഒരു ഇടമൊരുക്കാൻ അധികാരികളും സുമനസ്സുകളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.