Ticker

6/recent/ticker-posts

ഖത്തർ കെ.എം.സി.സി കവർച്ചാ കേസ്: പ്രതി ബാലകൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ ; തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു


കൊയിലാണ്ടി: ഖത്തർ കെ.എം.സി.സി ഓഫീസിലെ കോടികളുടെ കവർച്ചാ കേസിൽ റിമാൻഡിലായിരുന്ന പ്രതി നെല്ലാടി പരപ്പിൽ ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്
വിമാനത്താവളത്തിലും ഗൂഢാലോചന നടന്ന സ്ഥലങ്ങളിലും പ്രതി ഒളിവ് ജീവിതം നയിച്ച ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
   . ഇന്ന് രാവിലെയാണ് കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ നൽകി ഉത്തരവിട്ടത്.
ഒക്ടോബർ 24-നാണ് ബാലകൃഷ്ണനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഇയാളെ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഇതിൻപ്രകാരം ഇന്ന് രാവിലെ 10.45-ഓടെ ബാലകൃഷ്ണനെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
കേസിൽ ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർക്കുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൂടുതൽ ആളുകൾക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഖത്തർ കെ.എം.സി.സിയുമായി ബന്ധമുള്ള ഉന്നതർക്ക് കേസിൽ പങ്കുണ്ടെന്ന ആക്ഷേപം ശക്തമാണ്. ബാലകൃഷ്ണന്റെ മുൻ വെളിപ്പെടുത്തലുകളും ബോംബെ ഷാജിയുടേതുൾപ്പെടെയുള്ള ശബ്ദരേഖകളും കൂടുതൽ പ്രമുഖർക്ക് കവർച്ചയിൽ പങ്കുണ്ടെന്ന സൂചനകൾ നൽകുന്നതാണ്. ഇവയെല്ലാം പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം റിയാൽ (ഏകദേശം എട്ട് കോടി ആറ് ലക്ഷം ഇന്ത്യൻ രൂപ) ആണ് സംഘം കവർന്നത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ നാലാം പ്രതിയായ ബാലകൃഷ്ണൻ കീഴടങ്ങിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഖത്തറിൽ ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോഷണത്തിന് സഹായിയാക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്ണൻ പോലീസിന് നൽകിയ മൊഴി.

Post a Comment

0 Comments