തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ വനിതകൾക്കായി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി സ്വകാര്യ ബസുടമകൾ. പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് ബസുടമകൾ സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഒക്ടോബർ 27 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ കൺസെഷൻ തുക വർദ്ധിപ്പിക്കുക, ജനറൽ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് ബസുടമകൾ. പ്രതിദിനം രണ്ടുപേർ വീതം സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരമിരുന്നായിരിക്കും സമരം നയിക്കുക.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതിനു പിന്നാലെ വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങൾക്ക് സംഭവിച്ചിട്ടുള്ളതെന്നും, മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പത്മനാഭൻ കമ്മീഷന്റെ റിപ്പോർട്ടിലുള്ള ശുപാർശകൾ എത്രയും വേഗം നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.