കോയമ്പത്തൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ലഹരിസംഘത്തെ പിടികൂടാൻ സ്വന്തം ജീവൻ പണയം വെച്ച് പോലീസ് ഉദ്യോഗസ്ഥൻ. കോയമ്പത്തൂർ കോവിൽപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് വാഹനം തടയുന്നതിനിടെ കുതിച്ചുപാഞ്ഞ എസ്.യു.വി കാറിന്റെ റൂഫ് റെയിലിൽ പിടിച്ച് ഏകദേശം 40 കിലോമീറ്ററോളം ദൂരം തൂങ്ങിക്കിടന്ന് സഞ്ചരിച്ചത്.
250 കിലോഗ്രാമിൽധികം ഗുഡ്ഖയുമായി രാജസ്ഥാൻ സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് പോലീസ് തടഞ്ഞത്. എന്നാൽ വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് സംഘം മുന്നോട്ട് കുതിക്കുകയായിരുന്നു. ഇതിനിടെ വേൽമുരുകൻ സമയോചിതമായി കാറിന്റെ മുകളിലെ റൂഫ് റെയിലിൽ പിടിച്ച് തൂങ്ങുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാഷണൽ ഹൈവേ അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ആംബുലൻസ് ജീവനക്കാർ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി പോലീസിന് കൈമാറി.
തുടർന്ന് മറ്റ് പോലീസ് സംഘങ്ങൾ വാഹനത്തെ പിന്തുടർന്ന് വളഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ജീവൻ പണയം വെച്ചും ലഹരിസംഘത്തെ പിടികൂടാൻ ധീരത കാണിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന് സഹപ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ പ്രശംസയാണ് ലഭിക്കുന്നത്.