തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ പ്രമുഖ ജനക്ഷേമ പദ്ധതികളിലൊന്നായ 20 രൂപ ഊണ് പദ്ധതി വലിയ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 1,198 ജനകീയ ഹോട്ടലുകളിൽ 543 എണ്ണവും ഇതിനകം പൂട്ടി. നിലവിൽ 655 ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
സബ്സിഡി തുകയും കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന അരി വിതരണവും സർക്കാർ നിർത്തലാക്കിയതാണ് പദ്ധതി തകരാൻ കാരണം. കോവിഡ് കാലത്ത് ഒരു ഊണിന് 10 രൂപ വീതം സർക്കാർ സബ്സിഡിയായി നൽകിയിരുന്നു. കൂടാതെ, ഒരു ഹോട്ടലിന് പ്രതിമാസം 600 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ സിവിൽ സപ്ലൈസ് വഴി നൽകിയിരുന്നതും പൂർണ്ണമായും നിർത്തലാക്കി.
സബ്സിഡിയും റേഷൻ അരിയും ലഭിക്കാതായതോടെ തുച്ഛമായ തുകയ്ക്ക് ഊണ് നൽകാൻ കഴിയാതെയാണ് ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തനം അവസാനിപ്പിച്ചത്. ചില ഹോട്ടലുകൾ സാധാരണ റസ്റ്റോറന്റുകളാക്കി മാറ്റി.
പദ്ധതിയുടെ തകർച്ച വനിതാ ശാക്തീകരണത്തെയും സാരമായി ബാധിച്ചു. തുടക്കത്തിൽ അയ്യായിരത്തിലധികം കുടുംബശ്രീ വനിതാ സംരംഭകരാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. 2023ൽ 33.6 കോടി രൂപ സബ്സിഡി അനുവദിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ആനുകൂല്യങ്ങൾ പൂർണ്ണമായും ഇല്ലാതായത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.