Ticker

6/recent/ticker-posts

കേന്ദ്രത്തിൽ നിന്ന് ഫ്രീയായി നൽകിയ കൊടിയും മറിച്ചുവിറ്റു; കേരള ബിജെപിയിൽ വൻ ഫണ്ട് തട്ടിപ്പ്, ശബ്ദരേഖ പുറത്തായതോടെ അന്വേഷണത്തിന് നേതൃത്വം


​തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ വൻ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തിൽ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിൽ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ, സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന നേതൃത്വം നിർബന്ധിതരായിരിക്കുകയാണ്.
​കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗജന്യമായി നൽകിയ കൊടിതോരണങ്ങൾ പോലും വൻ തുകയ്ക്ക് താഴേത്തട്ടിലേക്ക് മറിച്ചുവിറ്റ് പണം തട്ടിയെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണം.
​വഴിവിട്ട കൊടിയടി; നേതാവിന് കമ്മീഷൻ നൽകിയെന്ന് കമ്പനി പ്രതിനിധി
​വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം ഇത് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് എതിർചേരി ആക്ഷേപിക്കുന്നതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്. പാർട്ടിക്കായി കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ഒരു പ്രമുഖ ബിജെപി നേതാവിന് വൻ തുക കമ്മീഷൻ നൽകിയതായി വ്യക്തമാക്കുന്ന കമ്പനി പ്രതിനിധിയുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇഷ്ടമുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി, തുക കൂട്ടി ബില്ലടിച്ച് ലക്ഷക്കണക്കിന് രൂപ നേതാക്കൾ കമ്മീഷനായി കൈപ്പറ്റിയെന്നാണ് വിവരം.
​ഇതിനുപുറമേ, തെരഞ്ഞെടുപ്പ് സമയത്ത് തലസ്ഥാനത്തെ വൻകിട ഹോട്ടലുകളിൽ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്ത് ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. ദേശീയ തലത്തിൽ അയോധ്യ ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുമ്പോഴാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വലിയ പ്രതിസന്ധി തീർക്കുന്നത്. എന്നാൽ, നിലവിൽ വിദേശത്തുള്ള സംസ്ഥാന അധ്യക്ഷൻ തിരിച്ചെത്തിയ ശേഷം ഫണ്ട് തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Post a Comment

0 Comments